എ.ഡി.എം ജീവനൊടുക്കിയ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : കേരള മഹിളാ ഫെഡറേഷൻ
കണ്ണൂർ : കണ്ണൂർ എ.ഡി. എമ്മായിരുന്ന നവീൻ ബാബു ജീവനൊടുക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ രംഗത്തുള്ള സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള മഹിളാ ഫെഡറേഷൻ (കെ.എം എഫ് ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ തിടുക്കത്തിൽ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും നടത്തിയത് ദുരുഹമാണ്. ജില്ലാ കലക്ടർ നൽകി എന്ന് പറയ യപ്പെടുന്ന മൊഴിയുടെ സാംഗത്യവും സംശയാസ്പദമാണ്. പരസ്പര വിരുദ്ധമായ പരാമർശങ്ങളാണ് വിവിധ ഘട്ടങ്ങളിൽ കലക്ടരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇത് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിഭാഗത്തോടൊപ്പമാണ് കലക്ടർ നീങ്ങുന്നത്. കേസന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ പ്രതി ദിവ്യയോട് കുശലം പറഞ്ഞ് ചിരിക്കുന്ന ദൃശ്യങ്ങളും അപഹാസ്യമാണ്.
ദിവ്യക്ക് സംരക്ഷണകവചമൊരുക്കാൻ ശ്രമിച്ച പൊലിസ് നിയമ സംവിധാനത്തിന് അപമാനമാണെന്നും ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. സി.എ. അജീർ , പി.സുനിൽകുമാർ, കാഞ്ചന മാച്ചേരി ,നൂർജഹാൻ സുബൈർ, കെ.ഓമന , കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.