കണ്ണൂർ ടൗണിലെ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടി

Action against unlicensed auto-rickshaws in Kannur town
Action against unlicensed auto-rickshaws in Kannur town

കണ്ണൂർ:പെര്‍മിറ്റില്ലാതെ കണ്ണൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി കണ്ണൂര്‍ ആര്‍ ടി ഒ അറിയിച്ചു.  ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷറീഫിന്റെ സാന്നിധ്യത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം അറിയിച്ചത്. അനധികൃതമായി പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ആര്‍ ടി ഒ, കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ എന്നിവരെ ചുമതലപ്പെടുത്തി.

തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സംഘടനകളും നവംബർ ഒന്നിന് നടത്താനിരുന്ന സമരം പിന്‍വലിക്കുന്നതായി അറിയിച്ചു. ടൗൺ പെർമിറ്റില്ലാത്ത അനധികൃത  ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഒന്നിന്   കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. സമരത്തിന്റെ പേരില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ആര്‍ ടി ഒയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Tags