ആക്ഷൻ കമ്മിറ്റി എൻ.എച്ച് ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി , കാൽടെക്സിൽ ബസുകൾ തടഞ്ഞു ; എടക്കാട് - കണ്ണൂർ റൂട്ടിൽ ബസ് പണിമുടക്ക്
കണ്ണൂർ: നടാലിൽ അണ്ടർപാസ് നിർമ്മിക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. എൻ.എച്ച് 66 അധികൃതർ നടാലിൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ അണ്ടർപാസ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ഓപറേറ്റീവ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി, നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി എന്നിവ സംയുക്തമായി ദിനേശ് ഓഡിറ്റോറിയത്തിന് സമീപമുള്ള എൻ.എച്ച് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാര്യത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികകാര്യങ്ങൾ പറഞ്ഞ് ജനങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന റോഡ് തടസപ്പെടുത്താൻ അനുവദിക്കില്ല. നടാൽ ബൈപ്പാസിൽ അണ്ടർപാസ് വന്നില്ലെങ്കിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുമെന്നും കെ.വി സുമേഷ് പറഞ്ഞു. പരിപാടിയിൽ ആക്ഷൻ കമ്മിറ്റി കൺവീനർ സത്യൻ വണ്ടിച്ചാൻ അധ്യക്ഷനായി. വിവിധ യൂനിയൻ ഭാരവാഹികളായ താവം ബാലകൃഷ്ണൻ, എൻ. മോഹനൻ, കെ.കെ. ശ്രീജിത്ത്, വി.ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത്,വെള്ളോറ രാജൻ, കെ.പി മോഹനൻ, കെ.പി മുരളിയൻ, കെ.ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
സമരത്തെ മറികടന്നുകൊണ്ട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സിൽ നിന്നും തടഞ്ഞു. പൊലിസെത്തി സമരക്കാരെ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഇതുകാരണം അൽപ്പ സമയം ഗതാഗതം മുടങ്ങി. സമരത്തെ തുടർന്ന് കണ്ണൂർ - എടക്കാട് - തോട്ടട ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.