കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍
തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മാവിച്ചേരിയിലെ പയ്യരട്ട എം.സുജീഷിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. മലപ്പട്ടം അടുവാപ്പുറത്തെ എടവലത്ത് വീട്ടില്‍ കെ.ശ്രീനിവാസനാണ്(49) മര്‍ദ്ദനമേറ്റത്.
ശനിയാഴ്ച വൈകുന്നേരം 5.30ഓടെ പൂവ്വത്ത് വച്ചാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്ന് കുടിയാന്‍മല ഭാഗത്തേക്ക് പോകുന്ന ആര്‍.ആർ .ഇ. 652 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സുജീഷ് ബസ് പൂവ്വത്ത് നിര്‍ത്തി ആളുകളെ ഇറക്കുമ്പോള്‍ ഡ്രൈവറുടെ ഡോര്‍ തുറന്ന് ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ജൂലായ്-15 ന് ശ്രീനിവാസന്‍ ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സുജീഷ് ഓടിച്ച കാര്‍ ബസിന്റെ പിറകില്‍ ഇടിച്ച് കാറിന് കേടുപറ്റിയിരുന്നുവത്രേ. ഇതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസനെ മര്‍ദ്ദിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.