പി.ജയരാജൻ്റെ പൊളിറ്റിക്കൽ ഇസ്ലാം വാദത്തോട് സി.പി.എം നേതൃത്വം പ്രതികരിക്കണമെന്ന് അബ്ദുൾ കരീം ചേലേരി
കണ്ണൂർ: അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം. നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ നൽകിയിരുന്ന വിടുതൽ ഹർജി കോടതി തള്ളിയത് സ്വാഗതാർഹമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലേരി പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ ബാഫക്കി തങ്ങൾ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഇരുവരുടെയും ശ്രമത്തിനാണ് കോടതി തടയിട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പി.ജയരാജൻ്റ പൊളിറ്റിക്കൽ ഇസ്ലാം എന്ന പരാമർശമെന്നും അടുത്ത് പുറത്തിറങ്ങാൻ പോകുന്ന മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിൻ്റെ മാർക്കറ്റിംഗിന് വേണ്ടിയാണെന്നും അബ്ദുൾ കരിം ചേലേരി ആരോപിച്ചു.
1987 ൽ ഇ എം.എസ് ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രചരണങ്ങൾക്ക് സമാനമായ തരത്തിൽ രാഷ്ട്രീയ ലക്ഷ്യം വെച്ചു നടത്തുന്ന താൽപര്യമാണ് ഈ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.
ജയരാജൻ്റെ വാദമുഖങ്ങളോട് സി.പി..എമ്മിൻ്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.