ആധാർ കാർഡ് ഉപയോഗിച്ച് 12 കോടി തട്ടിയതിന് സിബിഐയില്‍ കേസുണ്ടെന്ന് പറഞ്ഞ് ഫോൺ കോൾ ; കാഞ്ഞങ്ങാട് യുവാവിൽ നിന്ന് 4.13 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട് : ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അകൗണ്ട് വഴി 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും സിബിഐയില്‍ കേസ് ഉണ്ടെന്നും പറഞ്ഞ് യുവാവില്‍ നിന്നും 4,13,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സല്‍മാന്‍ ഫാരിസിനെ (27) യാണ് ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ സൗദി ഷവായ റെസ്റ്റോറന്റ് പാർട്ണർ തിമിരി വലിയപൊയിൽ എൻ മുഹമ്മദ് ജാസറിന്റെ (26) പരാതിയിലാണ് അറസ്റ്റ്.
2024 ഫെബ്രുവരി 17 ന് മുഹമ്മദ് ജാസറിന് ഇന്റർനെറ്റ് കോൾ വന്നിരുന്നു. കോളിൽ സിം നിഷ്ക്രിയമാകുമെന്നും കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും പറഞ്ഞു. പിന്നീട് ഒരു സ്ത്രീ ഹിന്ദിയിൽ വിളിച്ചു. പരാതിക്കാരന്റെ ആധാർ നമ്പർ ഉപയോഗിച്ച് 12 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിബിഐ അന്വേഷിക്കുന്ന കേസ് ഉണ്ടെന്നും പറഞ്ഞു. പിന്നീട് ഒരു പൊലീസ് യൂണിഫോമിലുള്ളയാൾ വീഡിയോ കോളിൽ വന്ന് പരാതിക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. തുടർന്ന് സിബിഐയുടെ ലെറ്റർഹെഡിലുള്ള ഒരു ഡോക്യുമെന്റ് അയച്ചു.
താങ്കളുടെ അകൗണ്ടിൽ നിയമവിരുദ്ധ ഇടപാട് ഒന്നും നടക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായി സ്റ്റേറ്റ് ട്രഷറി ഇൻസ്‌പെക്ഷൻ നടത്തണമെന്നും അതിന് വേണ്ടി 10,000 രൂപ അകൗണ്ടിൽ നിർത്തി ബാക്കിയുള്ള മുഴുവൻ പണവും ഒരു അകൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കാനും പറഞ്ഞു. പരാതിക്കാരൻ പറഞ്ഞതു പ്രകാരം 4,13,000 രൂപ അകൗണ്ടിലേക്ക് അയച്ചു കൊടുത്തു. പിന്നീട് അവർ കോള്‍ കട്ട് ചെയ്തു. പണം തിരിച്ചുകിട്ടാതെ വന്നതോടെ മുഹമ്മദ് ജാസർ ചീമേനി പോലീസിൽ പരാതി നൽകി.
പരാതിക്കാരന്റെ അകൗണ്ടിലെ പണം മഹാരാഷ്ട്രയിലെ ഒരു ബാങ്കിലേക്കും പിന്നീട് സൽമാൻ ഫാരിസിന്റെ അകൗണ്ടിലേക്കും എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചീമേനി സർകിൾ ഇൻസ്‌പെക്ടർ എ. അനിൽകുമാർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബേപ്പൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. സൽമാൻ ഫാരിസിനെതിരെ വേറെയും തട്ടിപ്പ് കേസുകള്‍ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു.