കമ്യൂണിസ്റ്റ് മുദ്രകുത്തി സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടവരെ പുനരധിവസിപ്പിക്കണം; കാസർകോട്ടു നിന്നും പാറശാലയിലേക്ക് ഒറ്റയാൾ കാൽനട പ്രചരണ ജാഥ തുടങ്ങി
കണ്ണൂർ: കമ്യൂണിസ്‌റ്റ മുദ്ര ചാർത്തി കേന്ദ്രസർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒറ്റയാൾ നടപ്പു സമരം പ്രയാണമാരംഭിച്ചു. കമ്യൂണിസ്റ്റ് ആശയക്കാരനായതിന്റെ പേരിൽ 1971 ൽ ഇന്ത്യൻ ആർമിയിൽ നിന്നും പിരിച്ചു വിട്ട കായംകുളം കുമ്പളത്തെ അഡ്വ: ആർ മനോഹരനാണ് കഴുത്തിൽ സമരത്തിന്റെ ആവശ്യങ്ങളടങ്ങിയ ബോർഡ് തൂക്കി നടപ്പു സമരം തുടങ്ങിയത്.
ഇരുപത്തിഒന്നാം വയസ്സിലാണ് ഇന്ദിരാ ഗാന്ധി സർക്കാർ കമ്യൂണിസ്റ്റ് ആശയക്കാരനായതിന്റെ പേരിൽ താനുൾപ്പെടെ ആയിരങ്ങളെ സേനയിൽ നിന്നും പിരിച്ചുവിട്ടത്. തൊട്ടടുത്ത വർഷം ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറിൽ മുംബൈയിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാസങ്ങൾക്കുള്ളിൽ അവിടുന്നും പുറത്താക്കിയതായി മനോഹരൻ പറയുന്നു. സേനയിൽ നിന്ന് തന്നോടൊപ്പം പുറത്താക്കിയവരിൽ പലരും മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും പഠിച്ച് രാജ്യത്തെ സ്നേഹിക്കാൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയാണ്. കമ്യൂണിസ്റ്റ്കാരനാണെങ്കിലും വടകരയിൽ ടി പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കി. പിരിച്ചുവിടപ്പെട്ട തങ്ങളെ പുനരധിവസിപ്പിക്കണമെന്നും ചുരുങ്ങിയപക്ഷം രാജ്യദ്രോഹികളല്ലെന്ന് പ്രഖ്യാപിച്ച് സാന്ത്വനമേകണമെന്നും ഇരകളായവർ ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്.
രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യന്ത്രി അടക്കമുള്ള ഭരണാധികാരികൾക്കും പതിറ്റാണ്ടുകളായി പരാതികളയച്ച് കാത്തിരിക്കയാണവർ. സി പി എം ജനറൽ സെക്രട്ടറി സീതറാം യച്ചൂരി ഒരിക്കൽ രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചതൊഴിച്ചാൽ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിഷയം ഏറെറടുത്തില്ലെന്ന് മനോഹരൻ പറയുന്നു. ആഗസ്ത് 15 ന് കാസർഗോഡ് ജില്ലയിലെ തലപ്പാടിയിൽ നിന്ന് ഒരു ദിവസത്തെ ഉപവാസ സമരത്തോടെയാണ് പാറശാല വരെയുള്ള നടത്ത സമരത്തിന് തുടക്കമിട്ടത്.
സി പി എം കാസർഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്ററാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. ഉപവാസ സമരത്തോടെ തന്നെ പാറശാലയിൽ സമരം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് യാത്രക്കിടെ കണ്ണൂരിലെത്തിയ 75 കാരനായ അഡ്വ: മനോഹരൻ പറഞ്ഞു.