വെളിച്ചം പകർന്ന് ഓലച്ചൂട്ട്; കണ്ണൂരിൽ ആകാശവാണി ശ്രോതാക്കളുടെ അപൂർവ്വ സംഗമം

akashavani
akashavani

കണ്ണൂർ: നാടുനീങ്ങുന്ന ഗ്രാമീണതയുടെ അടയാളമായ ഓലച്ചൂട്ടിൻ്റെ പേരിൽ കണ്ണൂർ ആകാശവാണി നടത്തുന്ന ഓലച്ചൂട്ട് ഗ്രാമീണ പരിപാടിയുടെ ശ്രോതാക്കൾ ഒത്തുകൂടി. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിലാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ ശ്രോതാക്കൾ ഒത്തു കൂടിയത്. ശ്രോതാക്കളായ നൂറ് കണക്കിനാളുകളാണ് ഓലച്ചൂട്ടിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്.

പരിപാടിയുടെ അവതാരകനായ വി.കെ അനിൽകുമാർ ഓലച്ചൂട്ടിൻ്റെ അവതരണത്തിന് പിന്നിലെ കഥകൾ കൂടി ശ്രോതാക്കളുമായി പങ്കുവെച്ചപ്പോൾ ശ്രോതാക്കളുടെ സംഗമം സജീവമായി. കൊവിഡ് കാലത്തെ അടച്ചു പൂട്ടലാണ് ശ്രോതാക്കളുമായി സംവേദിക്കുന്ന ഓലച്ചൂട്ടെന്ന പരിപാടി തുടങ്ങാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടു പോയ മനുഷ്യരുടെ ജീവിതത്തിലെ സർവതല സ്പർശിയായ കാര്യങ്ങളാണ് ആകാശവാണി പരിപാടിയിലുടെ പങ്കുവെച്ചത്. നാടിൻ്റെ കൊച്ചു കാര്യങ്ങൾ വരെ ഇതിലൂടെ പങ്കുവയ്ക്കാൻ കഴിഞ്ഞത് സകല മനുഷ്യരെയും ശ്രോതാക്കളാക്കി. 

വീട്ടമ്മമാരും വയോധികരും കുട്ടികളും വിദ്യാർത്ഥികളുമടക്കം ഓലച്ചൂട്ട് കോൾക്കാൻ റേഡിയോക്ക് സമീപമെത്തിയതോടെ പരിപാടി ഏറെ ജനപ്രീയമാവുകയായിരുന്നു. സോഷ്യൽ മീഡിയ അരങ്ങു തകർത്തു വാണ കൊവിഡ് പാൻഡമിക് കാലത്ത് അത്ഭുതമാവുകയായിരുന്നു. കഴിഞ്ഞ നാലു വർഷമായി അവതരിപ്പിക്കപ്പെടുന്ന ഓലച്ചൂട്ടിൻ്റെ വാർഷികാഘോഷം കഴിഞ്ഞ ദിവസം ജവഹർ ഓഡിറ്റോറിയത്തിൽ നടന്നത് ഏറെ സമ്മോഹന നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടാണ്. 

കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെൻ്ററും ആകാശവാണി കണ്ണൂർ നിലയവും സംയുക്തമായാണ് പരിപാടി നടത്തിയത്. അവതാരകനും എഴുത്തുകാരനുമായ വി.കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ അധ്യക്ഷനായി. ആകാശവാണി കണ്ണൂർ നിലയം മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ആമുഖ പ്രഭാഷണം നടത്തി.അസി. പ്രോഗ്രാം ഡയറക്ടർ കെ.വി ശരത് ചന്ദ്രൻ, ഡോ.കെ. രമേശൻ, ലൈബ്രറി സെക്രട്ടറി എം രത്നകുമാർ, കണ്ണൂർ ആകാശവാണി നിലയം മേധാവി എം. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

Tags