തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് അഭിമാന നേട്ടം; പൊൻതിളക്കവുമായി അധ്യാപകർ..

sir syed
sir syed

തളിപ്പറമ്പ്: രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ട് അധ്യാപകർ. രസതന്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അശ്വനി കുമാറും ബോട്ടണി വിഭാഗം മേധാവി ഡോ. പി. ശ്രീജയുമാണ് അഭിമാനമായ മാറിയ ആ അധ്യാപകർ. 

ലിപ്പിഡ് നാനോ കണികകൾ ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് (എം.ആർ.എൻ.എ) ഡെലിവറി മേഖലയിലെ നൂതന ശാസ്ത്ര ഗവേഷണത്തിന് അമേരിക്കൻ പേറ്റന്റ് നേടിയാണ് കോളേജിലെ  രസതന്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അശ്വനി കുമാർ താരമായത്. 2016-18 വർഷത്തിൽ അമേരിക്കയിലെ ഒരേഗോൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫ. ഗൗരവ് സഹായ് യുടെ കീഴിൽ നടത്തിയ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷണത്തിൻ്റെ ഭാഗമായുള്ള  പ്രൊജക്റ്റിലാണ് ഡോ. അശ്വനി കുമാർ ഈ കണ്ടത്തെൽ നടത്തിയത്.

sir syed

പേറ്റൻ്റിനായി 2018 ൽ അപേക്ഷ സമർപ്പിച്ചെങ്കിലും നിയമ നടപടികൾ പൂർത്തിയാക്കി 2024ലാണ് അനുവദിക്കപ്പെട്ടത്. ഡോ. അശ്വനി കുമാർ ഉൾപ്പെടുന്ന ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത ടെക്നോളജിയെ എം.ആർ.എൻ.എ കൊവിഡ് വാക്സിനുകളുടെ നിർമ്മാതാക്കളായ ബോസ്റ്റൻലെ മോഡേണാ തെറാപ്യൂട്ടിക്സ് എന്ന കമ്പനി ലൈസൻസ് ചെയ്തിട്ടുണ്ട്. പ്രസ്തുത ഗവേഷണ ഫലങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര മാഗസിനിൽ 2020ൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

സ്പെയിനിലെ മാഡ്രിഡിൽ ജൂലൈ അവസാനം നടക്കുന്ന അന്താരാഷ്ട്ര ബോട്ടാണിക്കൽ കോൺഗ്രസിലേക്ക് പ്രബന്ധാവതാരകയായി ഡോ. പി. ശ്രീജയ്ക്ക് ക്ഷണം ലഭിച്ചതാണ് മറ്റൊരു അഭിമാന നേട്ടം. അധ്യാപികയും ഗവേഷകയുമായ ശ്രീജ കണ്ണൂർ സർവ്വകലാശാല ഗവേഷണ മാർഗദർശിയുമാണ്.

സസ്യങ്ങളുടെ വർഗ്ഗീകരണവും നാമകരണവും സംബന്ധിച്ച പ്രോട്ടോകോളുകൾ തയ്യാറാക്കുകയും തിരുത്തുകയും ചെയ്യുന്ന, സസ്യശാസ്ത്ര രംഗത്തെ സുപ്രധാന സമ്മേളനമാണ് അന്താരാഷ്ട്ര ബോട്ടാണിക്കൽ കോൺഗ്രസ്. 2017 ൽ ചൈനയിലെ ഷെൻഡനിലാണ് അവസാനമായി സമ്മേളനം നടന്നത്. ആതിഥേയ നഗരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സമ്മേളനം ഇപ്രാവശ്യം മാഡ്രിഡ് കോഡ് എന്നാണ് അറിയപ്പെടുക.

Tags