ചെറുകുന്ന് ആശുപത്രിയിൽ നഴ്‌സിനെ അക്രമിച്ച കേസ്: പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

cherukunnu

കണ്ണപുരം: ചെറുകുന്നില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്യുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി.പോറസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറി നഴ്‌സിനെ അക്രമിച്ച കേസിലെ പ്രതിയായ യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ചെറുകുന്ന് പൂങ്കാവിലെ ജിജില്‍ ഫെലിക്‌സോയാണ് കേസിലെ പ്രതി. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇയാള്‍ നഴ്‌സിനെ അക്രമിച്ചു ഒളിവില്‍ പോയത്.

അത്യാഹിത വിഭാഗത്തില്‍ ചികിത്‌സ തേടിയെത്തിയ ജിജില്‍ മുറിവ് വൃത്തിയാക്കുന്നതിനിടെ നഴ്‌സുമായി വാക്കേറ്റം നടത്തുകയും ഇവരെ ചവുട്ടി നിലത്തിടുകയുമായിരുന്നു. കഴുത്തിന് ചവിട്ടേറ്റ നഴ്‌സ് ബോധരഹിതായി വീണു. തുടര്‍ന്ന് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ കൂടെയുണ്ടായിരുന്നവരോടൊപ്പം കാറില്‍ രക്ഷപ്പെടുകയായിരുന്നു.  

ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ജോസയുടെ പരാതിയിലാണ് കണ്ണപുരം പൊലിസ് ജിജിലിനെതിരെ കേസെടുത്തത്. വയനാട് മീനങ്ങാടിയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞുവെച്ചു ഇരുപതുലക്ഷം രൂപ തട്ടിയെടുത്ത കേസിലും പഴയങ്ങാടിയിലെ ബാര്‍ അടിച്ചു തകര്‍ത്ത കേസിലും തളിപറമ്പിലെ ഫാം ഉടമയുടെ കൈവെട്ടിയ കേസിലും പ്രതിയാണ് ജിജില്‍ ഫെലിക്‌സെന്ന് പൊലിസ് പറഞ്ഞു.

Tags