സൈക്കിൾ വാങ്ങാനായി സമ്പാദ്യ കുടുക്കയിൽ സൂക്ഷിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നാം ക്ലാസ്സുകാരൻ

adhi dev
adhi dev

കണ്ണൂർ: വയനാട്ടിൽ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട തന്നെപ്പോലുള്ള കുട്ടികൾക്കായി വർഷങ്ങളായി താൻപൊന്നു പോലെ സൂക്ഷിച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂരിലെ ആദി ദേവെന്ന വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി മാറി. പഠനത്തിൽ മിടുക്കനായ ആദിദേവിൻ്റെ സമ്പാദ്യ കുടുക്ക അവൻ്റെ മനസു പോലെ തന്നെ നിറഞ്ഞിരുന്നു. 

തൻ്റെ കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രക്ഷിതാക്കളും ബന്ധുക്കളും കൊടുക്കുന്ന വിഷുകൈ നീട്ടവും പോക്കറ്റ് മണിയും സ്കോളർഷിപ്പായി ലഭിച്ച ചെറുതും വലുതുമായ തുകകളും സമ്പാദ്യ കുടുക്കയിൽ സൂക്ഷിച്ചിരുന്നത്..ഒന്നാം ക്ലാസിൽ നിന്ന് സമ്മാനമായി ടീച്ചർ കൊടുത്തതാണ് ആ സമ്പാദ്യക്കുടുക്ക. മൂന്നാം ക്ലാസിൽ എത്തിയപ്പോഴേയ്ക്കും കുടുക്ക നിറഞ്ഞു. തൻ്റെ പഴയ സൈക്കിൾ മാറ്റി പുതിയതൊന്ന് വാങ്ങണമെന്നായിരുന്നു സ്വപ്നം.

adhi dev

നാലിൽ എത്തിയിയിട്ട് കുടുക്ക പൊട്ടിക്കണമെന്നായിരുന്നു തീരുമാനം. ഇതിനിടെയിൽ മഴക്കാല അവധികാരണം കഴിഞ്ഞയാഴ്ച്ച മുഴുവൻ  വീട്ടിൽ ഇരിപ്പായിരുന്നു. ടിവി തുറക്കുമ്പോൾ കാണുന്നത് എല്ലാം വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ കരളലിയിക്കുന്ന ദൃശ്യങ്ങൾ... കാണുന്ന കാഴ്ചകൾ പേടിപ്പെടുത്തുന്നതായിരുന്നു. തന്നെപ്പോലെ സ്കൂൾ മുറ്റങ്ങളിൽ  ഓടിച്ചാടി നടക്കേണ്ട കുരുന്നുകൾ മണ്ണിൽ പുതഞ്ഞ് കാണാതായ ദൃശ്യങ്ങൾ കണ്ടപ്പോൾ ഒത്തിരി കരഞ്ഞു.

ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളെ കാണാൻ അവിടെപ്പോകാനും അവരോട് കൂട്ടുകൂടാനും സങ്കടം പങ്കുവെക്കാനുമൊക്കെ തോന്നിയിരുന്നു. അപ്പോഴാണ് പലരും അവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ പണം കൊടുത്ത് സഹായിക്കുന്നത് ടി.വിയിൽ കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. തൻ്റെ കുടുക്കയെടുത്ത് അമ്മയോട് ചോദിച്ചു. അമ്മേ ഞാൻ വയനാട്ടിലെ ദുരന്തത്തിൽപ്പെട്ടവർക്ക് ഇത് കൊടുക്കട്ടേയെന്ന്. കേട്ടപ്പോൾ അമ്മയ്ക്ക് അതിശയവും സന്തോഷവും മകനെ ചേർത്ത് പിടിച്ചു.

പണിക്ക് പോയ അച്ഛനോടും മുത്തശിയോടും സമ്മതം ചോദിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. മാഷിനെ വിളിച്ചു. മാഷിനും സമ്മതം. സ്കൂളിലെത്തി കുടുക്ക കൈമാറുകയായിരുന്നു. അച്ഛൻ പണിക്ക് പോയി വരുമ്പോൾ കൈമാറുന്ന നാണയ തുട്ടുകളും സ്കൂളിൽ നിന്ന് കിട്ടിയ ക്യാഷ് അവാർഡുമൊക്കെയാണ് കുടുക്ക നിറച്ചത്. 

adhi dev

കണ്ണൂർ ജില്ലയിലെ തിരുമേനി എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് പഠനത്തിൽ മിടുക്കനായ ആദിദേവ് പി.എസ്. പുളിക്കലേടത്ത് ഷിജുവിൻ്റെയും സജിനിയുടെയും മകനാണ്. മുത്തശൻ മാധവനും മുത്തശി ശാരദയും എല്ലാം ആദി ദേവിന് കട്ട സപ്പോർട്ടാണ്. പ്രാധാനാധ്യാപകൻ പി.എം.സെബാസ്റ്റ്യൻ, അധ്യാപിക മഞ്ജു മധു എന്നിവർ ചേർന്ന് കുടുക്ക സമ്പാദ്യം ഏറ്റുവാങ്ങി. 

പകരം പുതിയൊരു സമ്മാന കുടുക്കയും കൈനിറയെ മിഠായിയും നൽകിയാണ് സ്കൂൾ അധികൃതർ ആദി ദേവിനെ യാത്രയാക്കിയത്. പ്രകൃതി ദുരന്തത്തിൽ ഒരു നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അണ്ണാറക്കണ്ണനും തന്നാലയതെന്ന പഴഞ്ചൊല്ലുപോലെ ദുരിതബാധിതരെ സഹായിക്കാനുള്ള മനസ് കാണിച്ചിരിക്കുകയാണ് കണ്ണൂരിലെ ഈ കൊച്ചുബാലൻ. ആദിദേവ് ഉൾപ്പെടെ കേരളത്തിലെ നിരവധി കുട്ടികളാണ് തങ്ങളുടെ സമ്പാദ്യ കുടുക്കകൾ പൊട്ടിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.