പെരുഞ്ചെല്ലൂരിൽ സംഗീതമഴ തീർത്ത് ബാംഗ്ലൂർ സഹോദരന്മാർ

perumchellur
perumchellur

തളിപ്പറമ്പ: ശുദ്ധ സംഗീതത്തിൻ്റെ മഴയായിരുന്നു കഴിഞ്ഞ ദിവസം  പെരുഞ്ചെല്ലൂരിൽ. പെരുഞ്ചെല്ലൂർ സംഗീതസഭയിൽ ബാംഗ്ലൂർ ബ്രദേഴ്സ് എം.ബി. ഹരിഹരൻ്റെയും എസ്. അശോകിൻ്റെയും സ്വര സമന്വയത്തിലൂടെ വിടർന്ന രാഗ - താളവർഷത്തിൽ ആസ്വാദകരുടെ മനസ് നന്നായി കുളിർത്തു. പെരുഞ്ചെല്ലൂർ സംഗീത സഭയുടെ എഴുപത്തി മൂന്നാമത് കച്ചേരിയായിരുന്നു തളിപ്പറമ്പ് നീലകണ്‌ഠ ഹാളിൽ അരങ്ങേറിയത്. 

ദയാനിഥേ മാമവ എന്നുതുടങ്ങുന്ന ബേഗഡ രാഗത്തിലെ ശ്യാമ ശാസ്ത്ര കൃതി പാടിയാണ് കച്ചേരി ആരംഭിച്ചത്. തൃശൂർ സി.രാജേന്ദ്രന്റെ ഭജ ശാസ്‌താരം എന്ന കൃതിയാണ് തുടർന്ന് പാടിയത്. ശ്രീ കമലാംബികേ, ശിവ ശിവ എന്നീരോ, രാഗം  ഹിമഗിരി, രേവതി രാഗത്തിൽ മഹാദേവ ശിവ ശംഭോ എന്നെ കീർത്തനവും ആസ്വാദകർക്ക് വ്യത്യസ്തമായ അനുഭവമായി.

sageetha sabha

തുടർന്ന് ദേവശ്രീ തപസ്‌തീർത്ഥ ത്യാഗരാജ കൃതി (ദേവഗാന്ധാരി), സരസ സാമ ദാന - ത്യാഗരാജ കൃതി (കാപ്പി നാരായണി) എന്നീ കൃതികളിലൂടെ ആസ്വാദകരെ ബാംഗ്ലൂർ ബ്രദേഴ്സ് കൈയിലെടുത്തു. തളിപറമ്പ് തമ്പുരാൻ ശ്രീ രാജ രാജേശ്വരനെ സ്തുതിച്ചു പരമേശ്വര ജഗദീശ്വരാ ശങ്കര പാഹിമാം എന്ന കൃതി അക്ഷരാർത്ഥത്തിൽ ആസ്വാദകർക്ക് അമൃതവർഷമായി മാറി. 

തോഡിയാണ് മുഖ്യരാഗമായി ആലപിച്ചത്. മഴവില്ലുപോലെ വിടരുന്ന തോഡി രാഗത്തിൻ്റെ വിവിധ ഭാവങ്ങൾ രണ്ട് സംഗീതജ്ഞരുടെ സ്വരത്തിലൂടെ വർണിച്ച് വികസിക്കുന്നത് ആസ്വാദകർക്ക്  അപൂർവ അനുഭവമായി. ശ്രീ സുബ്രഹ്മണ്യമാം രക്ഷതു എന്ന പ്രശസ്തമായ ദീക്ഷിതർ കൃതിയാണ് ആലപിച്ചത്.  തുടർന്ന് കല്യാണി രാഗത്തിൽ രാഗം താനം പല്ലവി ആലപിച്ചു. 

e p narayana peruvannan

പക്കമേളക്കാരായി വയലിനിൻ ആദർശ് അജയകുമാർ, മൃദംഗത്തിൽ പാലക്കാട് മഹേഷ് കുമാർ, ഘടത്തിൽ മങ്ങാട് പ്രമോദ് എന്നിവർ വായ്പാട്ടുകാർക്കൊപ്പം ചേർന്നു. സാമ്പ്രദായിക കർണാടക  സംഗീതത്തിൻ്റെ ആലാപനമികവിലൂടെ  ശുദ്ധ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത മറ്റൊരു സായാഹ്നംകൂടി സമ്മാനിച്ചിരിക്കുകയാണ്  പെരിഞ്ചല്ലൂർ സംഗീത സഭ. 

peruvannan1

സദസ്സിൽ തളിപ്പറമ്പിൽ നിന്നും പദ്മശ്രീ ലഭിച്ച തെയ്യം കലാകാരൻ ഇ. പി. നാരായണ പെരുവണ്ണാനെ ആദരിച്ചു. വിജയ് നീലകണ്ഠൻ സംസാരിച്ചു.

Tags