തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ 105 വാർഡുകൾ കൂടും
കണ്ണൂർ: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പോടെ 105 വാർഡ് കൂടും. 71 ഗ്രാമ പഞ്ചായത്തിൽ 1166 വാർഡുണ്ടായിരുന്നത് 1271 ആയാണ് വർധിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡ് കൂടി 162 ആകും. ജില്ല പഞ്ചായത്തിൽ 24-ൽ നിന്ന് ഒന്ന് കൂടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡലങ്ങളുടെ എണ്ണം, സംവരണ സ്ഥാനങ്ങൾ എന്നിവ പുനർ നിശ്ചയിച്ചപ്പോഴാണ് വാർഡുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായിരിക്കുന്നത്.
രാമന്തളി, പെരിങ്ങോം-വയക്കര, കുറുമാത്തൂർ, പരിയാരം എന്നിവിടങ്ങളിൽ മൂന്ന് വീതം വാർഡ് കൂടി. ബ്ലോക്ക് പഞ്ചായത്തുകളിൽ കൂത്തുപറമ്പ്, കല്യാശ്ശേരി എന്നിവിടങ്ങളിൽ രണ്ട് വാർഡ് കൂടും. ബാക്കി എല്ലായിടത്തും ഒരു വാർഡ് വീതമാണ് വർധിക്കുക. നഗരസഭ, കോർപ്പറേഷനിലെ വാർഡ് വിഭജനം സംബന്ധിച്ചുള്ള ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല.