ദേശീയ സമ്പാദ്യ പദ്ധതി ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതി ; മന്ത്രി കെ.എന്‍. ബാലഗോപാല്‍
investmentscheme

വയനാട് : കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രധര്‍ശന നഗരിയിലെ സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ സമ്പാദ്യ പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും എന്ന് വിഷയത്തിലാണ് വേദിയില്‍ ഇന്നലെ രണ്ടാമത്തെ സെമിനാര്‍.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പദ്ധതിയാണ് ദേശീയ സമ്പാദ്യ പദ്ധതി. സാധാരണക്കാര്‍ക്ക് ഏറ്റവും സുഗമമവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണിത്. ഏകദേശം 5000 കോടിയോളം രൂപ കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഇതുവഴി ഒരു വര്‍ഷം ശേഖരിക്കാനാകുന്നു. ഏജന്റുമാര്‍ക്ക് ന്യായമായ കമ്മീഷന്‍, നിക്ഷേപകര്‍ക്ക് സാധാരണ ബാങ്കുകളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ പലിശയും ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നികുതിയില്‍ ഇളവു കിട്ടുന്ന പല സ്‌കീമുകളും പദ്ധതിയിലുള്ളത് നികുതിദായകര്‍ക്ക് ആശ്വാസമാണ്.

കൊച്ചുകുട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാധാന്യ കൊടുക്കുന്ന സ്‌കീമുകളുണ്ട്. ചെറുകിട നിക്ഷേപ പദ്ധതികളാണ് പദ്ധതിയിലൂടെ കൂടുതല്‍ മുന്നോട്ടു വെക്കുന്നത്. മഹിളകള്‍ക്ക് പ്രധാന്യം കെടുക്കുന്ന പദ്ധതികള്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് വരുമാനം കിട്ടുന്ന റിക്കറിങ് പദ്ധതികള്‍ എല്ലാം ഇതിന്റെ ഭാഗമാണ്. പതിനായിരക്കണക്കിന് പേര്‍ക്ക് വരുമാനം ലഭിക്കുന്ന സുരക്ഷിതമായ ദേശീയ സമ്പാദ്യ പദ്ധതിയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

വന്‍കിട ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മറ്റും നിക്ഷേപങ്ങളെ വേണ്ടത്ര ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്യുന്നതായി ആക്ഷേപം നിലനില്‍ക്കെ നൂറ് ശതമാനം ഉത്തരവാദിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം പൊതുപദ്ധതികളെ ജനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി അഭ്യാര്‍ഥിച്ചു.

ദേശീയ സമ്പാദ്യ പദ്ധതികള കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും ചർച്ച ചെയ്ത സെമിനാർ വിഷയാവതരണത്തിൽ ശ്രദ്ധേയമായി.
കൽപ്പറ്റ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് രാകേഷ് രവിയാണ് സെമിനാറിൽ വിഷയാവതരണം നടത്തിയത്.
സെമിനാറിൽ ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ എസ്. മനു അദ്ധ്യക്ഷനായി.ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.കെ റുഖിയ ബത്തേരി എം.പി. കെ.ബി. വൈ ഏജന്റ് പി.സി അജിത കുമാരി, വയനാട് ജില്ലാ ഫിനാൻസ് ഓഫീസർ എ.കെ ദിനേഷൻ, അസിസ്റ്റന്റ് ജില്ലാ പോസ്റ്റ് മാസ്റ്റർ വർക്കി, ജില്ലയിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസേർസ് തുടങ്ങിയവർ സംസാരിച്ചു

 ദേശീയ തപാൽ വകുപ്പിനെ പ്രതിനീധികരിച്ചാണ് സെമിനാറിൽ വിഷയാവതരണം നടത്തിയത്.ദേശീയ സമ്പാദ്യ പദ്ധതികളിലെ നിക്ഷേപ സാധ്യതളെ സെമിനാറിൽ പരിചയപ്പെടുത്തി.എന്താണ് ദേശീയ സമ്പാദ്യ പദ്ധതി, പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ എന്നിവ സെമിനാറിൽ വിശദീകരിച്ചു.സാധാരണക്കാരായ ആളുകൾക്ക് പോസ്റ്റ് ഓഫീസ് വഴി ആരംഭിക്കാൻ കഴിയുന്ന സമ്പാദ്യ പദ്ധതികൾ സെമിനാറിൽ മുഖ്യ വിഷയങ്ങളായി വന്നു. എല്ലാ ജനവിഭാഗങ്ങൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികളെ കുറിച്ച് അവതരിപ്പിച്ചു.

ദൈനoദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ചെറുകിട വരുമാനക്കാർക്കായി റെക്കറിംഗ് ഡിപ്പോസിറ്റ്, ഫിക്സർ ഡിപ്പോസിറ്റ് എന്ന് പേരുള്ള ടൈം ഡിപ്പോസിറ്റ്, മാസവരുമാന പദ്ധതി, വർഷ നാഷണൽ സേവിംഗ് സ് സർട്ടിഫിക്കറ്റ്, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ് സ് സ്കീം, സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര, തുടങ്ങിയ ഏറ്റവും സുരക്ഷിതവും ലാഭകരമായ നിക്ഷേപ പദ്ധതികൾ സെമിനാറിൽ വിശദീകരിച്ചു.

Share this story