ദേശീയ വിരവിമുക്ത ദിനം: ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

google news
dhf

ഇടുക്കി : ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ദേശീയ വിരവിമുക്തദിനത്തിന്റെ  ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് നിര്‍വഹിച്ചു. ഗുളിക കഴിക്കുന്നതിനൊപ്പം  ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ നന്നായി കഴുകുന്നതും നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുന്നതും വിരയെ തടയാന്‍ സഹായിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. പി അഞ്ജലി  അധ്യക്ഷത വഹിച്ചു. 


പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 322 കുട്ടികള്‍ക്കാണ് വിരഗുളിക സൗജന്യമായി നല്‍കിയത്.  കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികള്‍ക്ക് സൗജന്യമായി വിരഗുളിക വിതരണം ചെയ്തു. വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കി വിര രോഗനിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

രണ്ടു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 400 മി.ഗ്രാമിന്റെ ഒരു ഗുളികയും ഒന്നുമുതല്‍ രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് 200 മി.ഗ്രാമിന്റെ അര ഗുളികയുമാണ് നല്‍കുന്നത്.   ഫെബ്രുവരി 8 ന് വിരയ്‌ക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 ന് മോപ്പ് അപ്പ് റൗണ്ടിലും ഗുളികകള്‍ നല്‍കും.

ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത് റാവു, എം.സി.എച്ച് ഓഫീസര്‍ ത്രേസ്യാമ്മ  ഇ. ജെ, വാഴത്തോപ്പ് പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

Tags