വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ചിന്നക്കനാലിൽ പര്യടനം നടത്തി

sdg

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ചിന്നക്കനാലിൽ പര്യടനം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ചിന്നക്കനാൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ജിബിൻ ജോർജ്, പ്രീതു കെ പോൾ, അപ്പു കെ.എസ്, മിനിൽ സി. പുഷ്പരാജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പരിപാടിയിൽ പങ്കുവച്ചു.

Tags