സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ഷോളയൂരിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതായി വിലയിരുത്തല്‍

google news
dsh

ഷോളയൂരിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാകുന്നതായി വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഷോളയൂര്‍ കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവിടെ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. ഷോളയൂരിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഉള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. സ്‌കൂളുകളില്‍ മികച്ച പഠന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍, എസ്എസ്എല്‍സി, പ്ലസ്ടുവിനു ശേഷം സ്വയം പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കേണ്ടതുണ്ട്. മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗത്തിനെതിരേ ബോധവത്കരണം ശക്തമാക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍

*** ടൂറിസത്തെ അട്ടപ്പാടി മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണം.

*** എസ്എസ്എല്‍സി, പ്ലസ്ടു എന്നിവയ്ക്കു ശേഷം പഠനം നിലച്ചു പോകുന്നതിനു തടയിടണം.

***സ്ത്രീകള്‍ക്കായി സാംസ്‌കാരിക കൂട്ടായ്മകള്‍ രൂപീകരിക്കണം. വൈകുന്നേരങ്ങളില്‍ വീടുകളിലോ അടുത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിലോ സ്ത്രീകളുടെ സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കണം.

***പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി സൈക്ലിംഗ് പരിശീലനവും സൈക്കിള്‍ ലഭ്യതയും ഉറപ്പാക്കണം.

*** ഈമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തി മതിയായ പോഷക സമൃദ്ധമായ ഭക്ഷണം കൃത്യസമയത്ത് എല്ലാവരും തയാറാക്കി കഴിക്കണം.

*** വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് പരിശോധനകള്‍ നടത്തുന്നത് മാതാപിതാക്കള്‍ ഉറപ്പാക്കണം. എല്ലാ തിങ്കളാഴ്ചയും കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയിലെ ഇതിനു വേണ്ടിയുള്ള സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം.

***പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ പ്രത്യേക ഇംഗ്ലീഷ് ഭാഷാ ശേഷി പരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കണം.

*** ലഹരി ഉപയോഗം തടയുന്നതിന് ബോധവത്ക്കരണവും നിരീക്ഷണവും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കണം.

***പരീക്ഷയ്ക്കു മുന്‍പായി കുട്ടികളുടെ ഭീതി ഒഴിവാക്കുന്നതിനുള്ള കൗണ്‍സിലിംഗ് നല്‍കണം.

*** അട്ടപ്പാടിയില്‍ എഇഒ ഓഫീസ് ആരംഭിക്കണം.

*** അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഇവിടുത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 50 ശതമാനം വരെ എങ്കിലും സീറ്റ് സംവരണം ചെയ്യണം.

***പട്ടികവര്‍ഗ മേഖലയില്‍ ആറുമാസത്തില്‍ ഒരിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ നേത്ര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കണം.

***ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കണ്ടെത്തുന്നതിനുള്ള റീസര്‍വേ നടപടികള്‍ വേഗമാക്കണം.

*** ഭൂമിക്ക് കൈവശാവകാശ രേഖ ലഭ്യമാക്കണം.

***പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തര്‍ക്കമില്ലാത്ത ഭൂമി കൈവശം വച്ചിട്ടുള്ളവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് പട്ടയ മേള സംഘടിപ്പിക്കണം.

***അട്ടപ്പാടി മേഖലയില്‍ ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ അനുയോജ്യമായ കൃഷികളും കാര്‍ഷിക രീതിയും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കണം.

ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. ജിതേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി,
ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. രാധാകൃഷ്ണന്‍, ശാലിനി ബിനുകുമാര്‍, വി. കല്‍പ്പന, കെ. അനിത, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, എല്‍ആര്‍ തഹസീല്‍ദാര്‍ കെ. മോഹനകുമാര്‍, സിഡിപിഒ സി.ആര്‍. ജയന്തി, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. രാഹുല്‍,
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ദീപു എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.

Tags