പാർലമെന്ററികാര്യസമിതിയുടെ ഇടുക്കി സന്ദർശനം പൂർത്തിയായി

Parliamentary Affairs Committee's visit to Idukki has been completed
Parliamentary Affairs Committee's visit to Idukki has been completed


ഇടുക്കി : പട്ടികജാതി പട്ടികവർഗ്ഗക്ഷേമം സംബന്ധിച്ച പാർലിമെന്ററിസമിതിയുടെ രണ്ടു ദിവസം നീണ്ടുനിന്ന  ഇടുക്കിജില്ലയിലെ  സന്ദർശനം പൂർത്തിയായി. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ പട്ടികജാതി ,പട്ടികവർഗ്ഗ പ്രതിനിധ്യം,  തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ എന്നിവസംബന്ധിച്ച്  സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി ചർച്ച നടത്തി. അധ്യക്ഷൻ ഡോ.ഫഗ്ഗൻ സിംഗ് കുലസ്തേയുടെ നേതൃത്വത്തിൽ ഇരുപത് അംഗ എം പി മാരുടെ സംഘമാണ് ജില്ലയിൽ എത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ബുധനാഴ്ച  ബൈസൺവാലി പഞ്ചായത്തിലെ കോമാളികുടി സന്ദർശിച്ചിരുന്നു.  ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട്  മനസിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ജാതി സർട്ടിഫിക്കേറ്റ്, പട്ടയം, വനവകാശം, തൊഴിലുറപ്പ് എന്നീ വിഷയങ്ങളിൽ സമിതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് അധ്യക്ഷൻ ഉറപ്പ് നൽകി. പൊതുമേഖലാ സഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ)  ഫണ്ട് പരമാവധി ലഭ്യമാക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ .രേണുരാജ് കുടിക്കാരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കുകയും അവയ്ക്കുള്ള പരിഹാരം എത്രയുംവേഗം കാണുമെന്നും അറിയിച്ചു.ഊര് മൂപ്പന്മാർ , പഞ്ചായത്ത് പ്രതിനിധികൾ , രാഷ്ട്രീയ കക്ഷിനേതാക്കൾ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുടെ  സാന്നിധ്യത്തിൽ വെള്ളിയാഴ്ച എറണാകുളത്ത് നടക്കുന്ന ചർച്ചയ്ക്ക് ശേഷം സംഘം കർണാടകത്തിലേക്ക് യാത്രയാകും.

Tags