'ഞാനുമുണ്ട് പരിചരണത്തിന്' ; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

hfdxj

ഇടുക്കി :  'ഞാനുമുണ്ട് പരിചരണത്തിന്' എന്ന സന്ദേശം ഉയര്‍ത്തി ജില്ലാതല പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി നെടുങ്കണ്ടം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.  ജനുവരി 15 മുതല്‍ 23 വരെ ആചരിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
നമുക്ക് ചുറ്റുപാടും കിടപ്പിലായിപ്പോയവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാദേശിക പരിചരണ കൂട്ടായ്മകളില്‍ എല്ലാവരും പങ്കാളികളാവണമെന്നതായിരുന്നു ഇത്തവണത്തെ സന്ദേശം.

ശാരിരീകവും മാനസികവും സാമൂഹികവുമായ നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികളെയും കുടുംബങ്ങളെയും കേള്‍ക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പരിചരണം രോഗികളുടെ അവകാശമാണെന്ന സന്ദേശത്തിലൂന്നിയായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍.  പരിപാടിയുടെ മുന്നോടിയായി നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ സന്ദേശറാലി നടത്തി. പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന വ്യക്തിയും കുട്ടിയുമായ ക്രിസ്റ്റോ ബാബു ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ജില്ലാതല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു.


തുടര്‍ന്ന് 11.30 ന് നടന്ന പൊതുസമ്മേളനം എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് അധ്യക്ഷനായി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി.എന്‍ പാലിയേറ്റീവ് കെയര്‍ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നെടുങ്കണ്ടം ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ്, ആയുര്‍വേദ പാലീയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍.സുരേഷ്, ഹോമിയോപ്പതി പാലിയേറ്റീവ് കെയര്‍ ജില്ലാ കണ്‍വീനര്‍ ഡോ. ഐന, സ്വരുമ പാലിയേറ്റീവ് കെയര്‍ വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി സ്വാഗതവും പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോ വിജയന്‍ കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, എം.എല്‍.എസ്.പി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പാലിയേറ്റീവ് കെയര്‍ പരിചരണം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുത്തു.

Tags