മൂന്നാര്‍ ബോഡിമെട്ട് റോഡും ചെറുതോണി പാലവും നാടിന് സമര്‍പ്പിച്ചു

google news
zdf


ഇടുക്കി :  കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ - ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു.  മൂന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ച്ചയുടെ പുതിയ അനുഭവമാകും ഗ്യാപ്പ് റോഡ് യാത്രയെന്നു മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഗ്യാപ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകും.   മുൻപ് മൂന്നാറിൽ എത്തിയത് ഇന്നും ഓർക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാർ കെഡിഎച്പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അഡ്വ ഡീൻ കുര്യാക്കോസ് എംപി,  അഡ്വ എ രാജ എംഎൽഎ എന്നിവർ സംസാരിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85 ല്‍ ബോഡിമെട്ട് മുതല്‍ മൂന്നാര്‍ വരെയുളള 42.283 കിലോമീറ്റര്‍ റോഡാണ് പുതുതായി നിര്‍മ്മിച്ചിട്ടുള്ളത്. ശരാശരി 10.5 മീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡറോടു കൂടി രണ്ട് വരിപാതയായി  268.20 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2027 ജൂണ്‍ വരെയുള്ള  അറ്റകുറ്റപ്പണികളും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൂപ്പാറയിലും ആനയിറങ്കല്‍ ഭാഗത്തും 2 ബൈപ്പാസും  പൂപ്പാറ, മൂലത്തറ എന്നിവിടങ്ങളില്‍  2 പാലങ്ങളും നിര്‍മ്മിച്ചു. 4 ഹൈമാസ്റ്റ് ലൈറ്റുകള്‍ , 41.310 കിലോമീറ്റര്‍ നീളത്തില്‍ റോഡ് സൈഡ് ഡ്രെയിന്‍, 14.364  നീളത്തില്‍ സംരക്ഷണ ഭിത്തി, 154 കലുങ്കുകളുടെ നിര്‍മ്മാണം ,ടോള്‍ പ്ലാസ കോംപ്ലക്‌സ് , ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്.

Tags