മകരവിളക്ക് : ഇടുക്കി ജില്ലയിലെ ഒരുക്കങ്ങള്‍ 12 നകം പൂര്‍ത്തിയാക്കും

google news
sabarimala 18 steps step is making the roof difficult

ഇടുക്കി :  മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട്  ജില്ലയിലെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് വിവിധ വകുപ്പുകളുടെ യോഗം ഓണ്‍ലൈനായി വിളിച്ചുചേര്‍ത്തു. ഈ മാസം  12 നകം എല്ലാ ഒരുക്കങ്ങളും പൂത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്  1400 ഓളം പോലീസുകാരെ  വിന്യസിക്കും.

 സുരക്ഷ പരിശോധനകളും നിരീക്ഷണവും കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന്  കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ കെഎസ്ആര്‍ടിസി  65  സര്‍വീസുകള്‍  നടത്തും. അടിയന്തരആവശ്യങ്ങള്‍ക്ക്  ആറു സെന്ററുകളില്‍ അഗ്‌നിരക്ഷ സേനയെ നിയോഗിക്കും.

 പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള ചുമതല വാട്ടര്‍ അതോറിറ്റിക്കാണ് . പൊതുമരാമത്ത് വകുപ്പ് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിക്കും.  

റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍  ലൈറ്റുകള്‍ സജ്ജീകരിക്കും .
പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നിവിടങ്ങളില്‍ പൂര്‍ണ്ണസജ്ജരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം , ആംബുലന്‍സുകളുടെ സേവനം എന്നിവയും ഉണ്ടാകും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കും . മോട്ടോര്‍ വാഹനം, എക്‌സൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ പരിശോധനകള്‍ ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു.
 

Tags