കുറ്റാന്വേഷണങ്ങള്‍ക്ക് കരുത്തേകാന്‍ ' ജെനി ': ഇടുക്കി പോലീസിന്റെ കെ9 സ്‌ക്വാഡിലേക്ക് പുതിയ അംഗം

google news
dsh

ഇടുക്കി :  ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് ഗതിവേഗം പകരാന്‍ ഡോഗ് സ്‌ക്വാഡിലേക്ക് പുതിയ അംഗമെത്തി.  തടിയമ്പാട് സെക്വര്‍ ഡോഗ് ട്രെയിനിംഗ് ആന്റ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായപരിശീലകന്‍ സജി എം. കൃഷ്ണനാണ് ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡിലേക്ക്  നായക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്.   ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പുതിയ അംഗത്തെ സ്വീകരിച്ചു. ആറുമാസം വളര്‍ച്ചയെത്തിയ ബെല്‍ജിയന്‍ മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ടതാണ് നായ്കുട്ടി.

 ഡോഗ് സ്‌ക്വാഡിലെ പരിശീലകരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ചിത് എന്നിവര്‍ക്കൊപ്പം  9 മാസത്തെ പരിശീലനത്തിനായി ജെനിയെ ത്രിശൂര്‍ പൊലീസ് അക്കാദമിലേക്ക് കൊണ്ടുപോയി. മോഷണം, കൊലപാതകം തുടങ്ങിയവ തെളിയിക്കുന്ന ട്രാക്കര്‍ നായയായിട്ടാണ് പരിശീലനം നല്കുക.  ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ നിന്നും കഴിഞ്ഞ ജൂലൈയില്‍ വിരമിച്ച ട്രാക്കര്‍ ഡോഗായ  ജെനിയുടെ  പേരാണ് നിലവില്‍ അനൗദ്യോഗികമായി നായ്ക്കുട്ടിക്ക് നല്‍കിയിരിക്കുന്നത്. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി പേരും തസ്തികയും നല്‍കും .

    ജില്ലാ പൊലീസ്  മേധാവിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍  എ.എസ്.പി. ബി.കൃഷ്ണകുമാര്‍ , അസിസ്റ്റന്റ് കമാണ്ടന്റ് റോയി, ജില്ലാ ചാര്‍ജ് ഓഫീസര്‍ ജമാല്‍ പി.എച്ച്., ഇടുക്കി കെ. 9 സ്‌ക്വാഡ്  ഇന്‍സ്പെക്ടര്‍ റോയി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags