ഇടുക്കി മെഡിക്കൽ കോളേജ് : സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ്
ഇടുക്കി :അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി കോളേജിലെ വിവിധ നിർമ്മാണ പദ്ധതികൾക്കായി അനുവദിച്ച 92 കോടി രൂപയിൽ നിന്നും നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് , മോഡുലാർ ലാബ്, ലക്ചർ ഹാൾ, വിവിധ ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രതിഭാധനരായ അധ്യാപകരുടെ സാന്നിധ്യമാണ് ഇടുക്കി മെഡിക്കൽ കോളജിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത്മികച്ച വിജയശതമാനം നേടിയ മെഡിക്കൽ കോളേജുകളിൽ രണ്ടാം സ്ഥാനം നേടാൻ ഇടുക്കിക്ക് കഴിഞ്ഞു. കുട്ടികളുന്നയിച്ച ചില വിഷയങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയ്ക്കും പ്രഥമ പരിഗണന നൽകും. സ്ഥലം എം എൽ എ എന്ന നിലയിൽ മന്ത്രി റോഷി അഗസ്റ്റിനും നല്ല പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
2023ലെ ആദ്യ വർഷ ബാച്ചിൽ ഡിസ്റ്റിങ്ഷനോടെ വിജയിച്ച അർജുൻ കോശി, ടി പി ഗ്രീഷ്മ എന്നിവരെ മന്ത്രി ആദരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൻ്റെ ഭാവി വികസനത്തിൽ വലിയ കൂട്ടായ്മ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കാത്ത് ലാബ് തുടങ്ങുന്ന കാര്യത്തിൽ സർക്കാർ വലിയ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിവി വർഗ്ഗീസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ടോമി മാപ്പലകയിൽ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ മനോജ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുരേഷ് വർഗ്ഗീസ്, ആർഎം ഒ ഡോ. ടി ഒ നവാസ്, എച്ച്ഡി എസ് ഗവ. നോമിനി ഷിജോ തടത്തിൽ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.