ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം; 26 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

google news
gjgf

ഇടുക്കി : ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ആസൂത്രണ സമിതിയുടെ രണ്ടാം ഘട്ട യോഗത്തിലാണ് വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്.

 ഫെബ്രുവരി 2 ന് നടന്ന ആദ്യ ഘട്ട യോഗത്തില്‍ നാല് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചിരുന്നു. 
16 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി വാര്‍ഷിക പദ്ധതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 18 സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിക്കാനുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ ആമുഖത്തില്‍ പറഞ്ഞു.  
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന അനിവാര്യ പദ്ധതികള്‍, മാതൃക പദ്ധതികള്‍, സംയുക്ത പദ്ധതികള്‍, വനിത ഘടക പദ്ധതികള്‍, വൃദ്ധ, ഭിന്നശേഷി പദ്ധതികള്‍, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍, നൂതന പദ്ധതികള്‍, ആരോഗ്യ, ടൂറിസം, മാലിന്യ സംസ്‌കരണ, പേവിഷ പ്രതിരോധ വാക്‌സിന്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 

ആസൂത്രണസമിതിയുടെ ആദ്യഘട്ടപരിശോധന പൂര്‍ത്തിയായ 26 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികളാണ് യോഗം ചര്‍ച്ച ചെയ്ത് സമിതിയുടെ നിരീക്ഷണങ്ങള്‍ അറിയിക്കുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തത്. വാത്തിക്കുടി, അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, ഉടുമ്പന്‍ചോല, രാജകുമാരി, കോടിക്കുളം, കഞ്ഞിക്കുഴി,  പുറപ്പുഴ, സേനാപതി, വണ്ടന്‍മേട്, ചക്കുപള്ളം, ശാന്തന്‍പാറ, മണക്കാട്, ചിന്നക്കനാല്‍, മറയൂര്‍, ബൈസണ്‍വാലി, ആലക്കോട്, കുടയത്തൂര്‍, കാഞ്ചിയാര്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളുടെയും ഇളംദേശം, ഇടുക്കി, തൊടുപുഴ, നെടുങ്കണ്ടം ബ്ലോക്കുകളുടെയും പദ്ധതികളാണ് ചര്‍ച്ചക്ക് വെച്ചത്. ഹാപ്പിനസ് പാര്‍ക്ക്, ലാഫിങ് പാര്‍ക്ക്, ഷി ഫിറ്റ്‌നസ് കേന്ദ്രം, ഭിന്നശേഷി കലോല്‍സവം, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ ഒട്ടേറ നൂതന പദ്ധതികള്‍ പഞ്ചായത്തുകള്‍ അവതരിപ്പിച്ചു.

ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനു, ആസൂത്രണസമിതി അംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. വി സുനിത, ഇന്ദു സുധാകരന്‍, ജോസഫ് കുരുവിള, എം ജെ ജേക്കബ്, ജോണി കുളമ്പള്ളി, 
 ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി. മാലതി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags