ബാംഗ്ലൂർ - കൊച്ചി വ്യവസായിക ഇടനാഴി: സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി


പാലക്കാട് : പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ - കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍ദ്ദേശിച്ചു. പ്രാഥമിക ഘട്ടത്തിൽ 10,000 പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 25,000 പേർക്കും തൊഴിൽ നൽകുവാനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും പദ്ധതിയ്ക്കായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ 1500 ഏക്കർ ഭൂമിയും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ 500 ഏക്കർ ഭൂമിയും ഏറ്റെടുത്തതായും എം.പി പറഞ്ഞു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. കേന്ദ്രാവിഷ്കൃത പദ്ധതി തുക പൂർണ്ണമായും സമയബന്ധിതമായും വിനിയോഗിക്കാൻ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ രൂക്ഷ ഫലം അനുഭവിക്കുന്ന പാലക്കാട് ജില്ലയിൽ വരുന്ന വേനൽ തീവ്രമാകുവാനും, വരൾച്ച ഉണ്ടാകുവാനും സാധ്യത ഉള്ളതിനാൽ വരൾച്ചാ മുന്നോക്ക പ്രവർത്തനം എന്ന നിലയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങൾ പുനരുദ്ധാരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കണമെന്നും എം.പി.നിർദേശിച്ചു. ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി ബ്ലോക്കുകളിലെ ഭൂഗർഭജലത്തിന്റെ അളവ് കുറവായതിനാൽ ജില്ലയിൽ കഴിച്ചിട്ടുള്ള കുഴൽ കിണറുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുവാൻ ഭൂഗർഭ വകുപ്പിന് എം.പി നിര്‍ദ്ദേശം നല്‍കി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. സേതുമാധവന്‍ (പാലക്കാട്), വി. പ്രീത (മണ്ണാര്‍ക്കാട്), ഗീത മണികണ്ഠന്‍(പട്ടാമ്പി), സുനിത ജോസഫ് (ശ്രീകൃഷ്ണപുരം), എ. സുജാത (ചിറ്റൂര്‍), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേവതി ബാബു (എലപ്പുള്ളി), സജ്ന സത്താര്‍ (അലനല്ലൂര്‍), ജില്ലാകളക്ടര്‍ ഡോ. എസ് ചിത്ര, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ടി.എസ് ശുഭ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
