ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഖരമാലിന്യ പരിപാലനത്തിന് പരിശീലനം

google news
fdsh

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ് ഡബ്ല്യുഎംപി) ആഭിമുഖ്യത്തില്‍ കിലയുമായി ചേര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക്  തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ നഗര തദ്ദേശഭരണ സ്ഥാപനങ്ങളിലെയും സേനാംഗങ്ങള്‍ക്ക് 113 ബാച്ചുകളിലായാണ് പരിശീലനം നല്‍കുന്നത്.

മാലിന്യ ശേഖരണം, തരംതിരിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, മാലിന്യത്തില്‍ നിന്നുള്ള നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായ അവബോധം നല്‍കും. ഹരിത കര്‍മ്മ   സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം, തൊഴില്‍ നിയമങ്ങള്‍, ലിംഗ നീതി, ഹരിതമിത്രം ആപ്പിന്‍റെ ഉപയോഗം എന്നിവയെപ്പറ്റിയും പരിശീലനത്തില്‍ ബോധവത്കരണം നടത്തും. എണ്ണായിരത്തോളം സേനാംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിനും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് കെഎസ് ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ലോകബാങ്കിന്‍റെയും ഏഷ്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും സഹായത്തോടയൊണ് സംസ്ഥാന സര്‍ക്കാര്‍ ഖരമാലിന്യ പരിപാലന പദ്ധതി നടപ്പാക്കിവരുന്നത്. സംസ്ഥാനത്തെ നഗരങ്ങള്‍ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കുന്നതിനും ഇവിടങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനുമാണ് കേരളത്തിലെ 93 നഗരസഭകളില്‍ ഖരമാലിന്യ പരിപാലനപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

രാജ്യത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരളം പ്രചരണപരിപാടികള്‍ നടപ്പാക്കിവരുന്നത്. പ്രശ്നരഹിതവും പ്രായോഗികവുമായ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കുക, പ്രകൃതി സൗഹൃദ ബദലുകള്‍ പ്രോത്സാഹിപ്പിക്കുക, അശാസ്ത്രീയ മാലിന്യനിക്ഷേപത്തിനെതിരെ നിയമനടപടികള്‍ ആരംഭിക്കുക തുടങ്ങിയവ ഇതിന്‍റെ ലക്ഷ്യമാണ്.

Tags