ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ചിലർ ദുരുപയോഗിക്കുന്നു: മാണി സി കാപ്പൻ

google news
maani c kappan


പാലാ: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ ഉണ്ടാവണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കക്കുകളി നാടക അവതരണം ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എം എൽ എ യുടെ പ്രതികരണം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഗുണകരമല്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

കക്കുകളി ക്രൈസ്തവ സന്ന്യസ്തരെ അധിക്ഷേപിക്കുന്ന വിധമാണെന്ന പരാതി ഗൗരവകരമാണ്.  അധിക്ഷേപവും വിമർശനവും രണ്ടാണ്. അധിക്ഷേപം നടത്തുന്നതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന നിലയിൽ ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. 

ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരിൽ മത വിശ്വാസങ്ങളെയും വിശ്വാസികളെയും അധിക്ഷേപിക്കുന്ന നടപടികൾ വർദ്ധിച്ചുവരുന്നതിൽ എം എൽ എ ഉത്കണ്ഠ രേഖപ്പെടുത്തി. 

അധിക്ഷേപം നടത്താനും അതിനെ ന്യായീകരിക്കാനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കൂട്ടുപിടിക്കുന്ന പ്രവണത പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല. ഇത്തരം നടപടികൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്ന്യസ്തരുടേത് സമർപ്പിത ജീവിതമാണ്. അത് അവർ സ്വയം തിരഞ്ഞെടുത്ത വഴിയാണ്. അവർ സമൂഹത്തിന് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. 

കലാകാരന്മാർക്കു സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. അവർ സമൂഹത്തിൽ  ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ അധിക്ഷേപം നടത്തുന്നത് ശരിയാണോയെന്ന് ഇത്തരക്കാർ ആത്മപരിശോധന നടത്തി തെറ്റുതിരുത്തണമെന്നും മാണി സി കാപ്പൻ പറഞ്ഞു. വിമർശന വിധേയമാക്കേണ്ട ഒട്ടേറെ വിഷയങ്ങൾ നിലനിൽക്കുമ്പോഴും അധിക്ഷേപകരമായ കാര്യങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന നിലപാട് സംശയകരവും ദുരുദ്ദേശപരവുമാണ്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Tags