ജാതി സെൻസസിന് ജനകീയ മുന്നേറ്റം ഉയർന്നു വരണം : എസ് ഇർഷാദ്

google news
ddd

ആലുവ: കേരളത്തിൽ ജാതി സെൻസസ് നടത്തുന്നതിന് ജനകീയ മുന്നേറ്റം ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എസ്. ഇർഷാദ്. പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ സാമൂഹ്യനീതിയുടെ പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത പ്രതിപക്ഷ പാർട്ടികൾ രാജ്യമൊട്ടാകെ ജാതി സെൻസസ് ആവശ്യം മുൻനിർത്തി സമര രംഗത്തുണ്ടെങ്കിലും കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതൊരു വിഷയമേ അല്ലാതായി മാറിയിരിക്കുന്നു എന്നുള്ളത് വളരെ ഗൗരവതരമാണ്.

സംവരണ പ്രക്ഷോഭത്തിലൂടെ ഉയർത്തുന്ന വിഷയങ്ങളിൽ അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിനും സംവരണീയ വിഭാഗങ്ങളെ ഒരുമിപ്പിച്ച് നിർത്തുന്നതിനും പാർട്ടി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ലഭിച്ച 75 വർഷങ്ങൾ കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയാത്തത് ഭരണകൂടങ്ങളുടെ പരാജയമാണെന്നും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ യോജിച്ച പോരാട്ടത്തിലൂടെ മാത്രമേ ഇത് നേടിയെടുക്കാൻ സാധിക്കൂ എന്നും സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ട്, കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി പി.വി.രാജു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ.കെ.സരസൻ, ഡിഎസ്എസ് ജില്ലാ വൈസ് പ്രസിഡൻറ് പി.പി സന്തോഷ്, മെക്ക ചെയർമാൻ എൻ. കെ. അലി, ജസ്റ്റിൻ ഇലഞ്ഞിക്കൽ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.കെ ഉത്തമൻ, സാമൂഹിക പ്രവർത്തകരായ പ്രേം ബാബു, ഹാഷിം ചേന്നാമ്പിള്ളി, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡൻ്റുമാരായ അസൂറ ടീച്ചർ, രമണി കൃഷ്ണൻകുട്ടി, ആബിദ വൈപ്പിൻ, സെക്രട്ടറിമാരായ നിസാർ കളമശ്ശേരി, അഡ്വ. സഹീർ മനയത്ത് തുടങ്ങിയവർ പങ്കെടുത്തു.
 

Tags