നിശ്ചലദൃശ്യ ഭാവനയുടെ 90 നേര്‍ക്കാഴ്ചകള്‍; കാഴ്ചയും മനസും നിറച്ച് ഇന്‍ഫോപാര്‍ക്ക് ഫോട്ടോ പ്രദര്‍ശനം
കൊച്ചി: മലയണ്ണാന്‍ മുതല്‍ പുള്ളിപ്പുലി വരെ, മുടിയേറ്റ് മുതല്‍ വള്ളം കളി വരെ..ഇന്‍ഫോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള ഐടി ജീവനക്കാരുടെ ഫോട്ടോഗ്രാഫി പ്രദര്‍ശനം കൗതുകങ്ങളുടെയും പ്രൊഫഷണലിസത്തിന്‍റെയും ദൃശ്യാനുഭവമാണ്. തമ്പ് നെയില്‍ 2024 എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം നൂറുകണക്കിന് കാഴ്ചക്കാരെയാണ് ആകര്‍ഷിക്കുന്നത്.
ഇന്‍ഫോപാര്‍ക്കും ഇന്‍ഫോപാര്‍ക്ക് ഫോട്ടോഗ്രാഫി ക്ലബും(ഐപിസി) ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി ഭംഗി മുതല്‍ സാംസ്ക്കാരി പൈതൃകവും നിത്യജീവിതവുമെല്ലാം ഈ പ്രദര്‍ശനത്തിന്‍റെ ഭാഗമായി മാറി.
ആനകളും പാമ്പുകളും പൊന്മാനുമൊക്കെ നിറഞ്ഞതാണ് പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഫോട്ടോകള്‍. മുടിയേറ്റ്, തെയ്യം, അനുഷ്ഠാന കലകള്‍ എന്നിവ പൈതൃകത്തോട് ചേര്‍ന്നു നില്‍ക്കുന്നു. വള്ളംകളിയും ഉത്സവങ്ങളുമെല്ലാം എന്നും ക്യാമറകളുടെ ഇഷ്ടവിഷയങ്ങളാണ്. ഏറ്റവും പറ്റിയ മുഹൂര്‍ത്തത്തെ ക്യാമറയിലാക്കാന്‍ നടത്തിയ പരിശ്രമം ഫോട്ടോപ്രദര്‍ശനത്തിന്‍റെ മിഴിവ് കൂട്ടുന്നു.
പതിവ് ഫോട്ടോകള്‍ക്കപ്പുറം വേറിട്ട കാഴ്ചപ്പാടും ഈ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്‍റെ മുഖമുദ്രയാണ്. ഉത്തരധ്രുവത്തിലെ തിളങ്ങുന്ന വാല്‍നക്ഷത്രവും മനസിനെ മഥിക്കുന്ന ചില മതജീവതത്തിന്‍റെ ഏടുകളും പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു. സങ്കീര്‍ണതയെ പ്രതീകാത്മകമാക്കിയുള്ള ഉറുമ്പുകളുടെ ജീവിതവും നവീന കാഴ്ചപ്പാടിന്‍റെ ഉദാഹരണമാണ്.
ഇത്തരമൊരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐപിസിയുടെ സ്ഥാപകയായ എയ്ഞ്ജല്‍ എച് ഫെര്‍ണാണ്ടസ് പറഞ്ഞു. ക്ലബിന്‍റെ തുടക്കം മുതല്‍ തന്നെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പുകളും പ്രദര്‍ശനങ്ങള്‍ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. ഐപിസി ആദ്യമായാണ് ഇത്തരം പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.