ചേലക്കര തോട്ടേക്കോട് ജനവാസ മേഖലയില്‍ ആനയിറങ്ങി വ്യാപക കൃഷിനാശം
elephantt


തൃശൂര്‍: ചേലക്കര പഞ്ചായത്ത് തോന്നൂര്‍ക്കര തോട്ടേക്കോട് മേഖലയില്‍ ആനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. തോട്ടേക്കോട് പറയന്‍ചിറ ഭാഗത്താണ് ആനയിറങ്ങി വാഴക്കൃഷികള്‍ നശിപ്പിച്ചത്. കുലച്ച് പാകമായ വാഴകളാണ് പിഴുതെറിഞ്ഞത്. 

തോട്ടേക്കോട് കരിമ്പത്ത് ജയന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി നടത്തിയ പോണാട്ടില്‍ വേണുഗോപാലന്‍, താഴത്തേക്കളം രാമന്‍, മൂച്ചിക്കല്‍ ജയന്‍, വടക്കേക്കര ഹരിദാസ് എന്നിവരുടെ വാഴകളാണ് നശിപ്പിച്ചിട്ടുള്ളത്. നൂറിലധികം വാഴകള്‍ നശിപ്പിച്ചിട്ടുണ്ട്. മച്ചാട് വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയിലാണ് ആനയിറങ്ങിയത്
പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. 

ആദ്യമായാണ് ഈ പ്രദേശത്ത് ആനയിറങ്ങുന്നത്. വനപാലകര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി. കാട്ടാന ജനവാസ മേഖലയിലെത്തിയതിനാല്‍ മച്ചാട് വനാതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ്. ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് തടയാനുള്ള മുന്നൊരുക്കങ്ങള്‍ എത്രയും വേഗം നടത്തണമെന്ന് പ്രദേശവാസികള്‍ അധികൃതരോടാവശ്യപ്പെട്ടു.
 

Share this story