പരമ്പരാഗതമായ കൈത്തറി വിവാഹസാരിയായ കണ്ണൂര്‍ പുടവയുമായി ജില്ലാപഞ്ചായത്ത്

കണ്ണൂര്‍: വടക്കെ മലബാറിലെ കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും ഇഴ പാകി കോലത്തുനാടിന്റെ ചന്തംനിറച്ച് കണ്ണൂര്‍ പുടവയൊരുങ്ങുന്നു. നെയ്ത്തുകാരുടെ സഹായത്തോടെ പരമ്പരാഗത കൈത്തറി വിവാഹ സാരിയായ 'കണ്ണൂര്‍ പുടവ' പുറത്തിറക്കി കേരള വസ്ത്രവിപണിയില്‍ സാന്നിധ്യമറി യിക്കാനൊരുങ്ങുകയാണ് ജില്ല പഞ്ചായത്ത്.
ഗുണനിലവാരത്തില്‍ പ്രശസ്തമായ കാഞ്ചീപുരം സാരികള്‍ക്കൊപ്പമാണ് കണ്ണൂരിന്റെ തനത് കൈത്തറി സാരികള്‍. തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിന്റെ പരമ്പരാഗത ചിത്രങ്ങളും അടയാളങ്ങളും നിറച്ചാണ് കണ്ണൂര്‍ പുടവ നെയ്‌തെടുക്കുക.ഉപഭോക്താക്കളുടെ താല്‍പ ര്യത്തിനനുസരിച്ച് മാറ്റം വരുത്തിയ ഇഷ്ടാനുസൃത സാരികളും ലഭിക്കും.
ആറുമാസത്തിനുള്ളില്‍ കണ്ണൂരിന്റെ സ്വന്തം സാരി വിപണിയിലെത്തും. സാരി നെയ്യാന്‍ കഴിവുള്ള ജില്ലയിലെ നെയ്ത്തുകാരെ കണ്ടെത്തി ജില്ല പഞ്ചായത്ത് പരിശീലനം നല്‍കും. നെയ്ത്തുശാലകള്‍ ആധുനിക രീതിയില്‍ ഒരുക്കാന്‍ ജില്ല പ ഞ്ചായത്ത് സഹായിക്കും. കണ്ണൂര്‍ പുടവക്കായി അടുത്തവര്‍ഷത്തേക്കുള്ള ബജറ്റില്‍ 10 ലക്ഷം രൂപ വകയിരുത്തും.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികള്‍ക്കായി ശില്‍പശാല നടത്തും. പ്രാദേശിക സാമ്പത്തിക വികസന രംഗത്തെ ഇടപെടലുകള്‍ക്കായി സം സ്ഥാന സര്‍ക്കാറിന്റെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ ആശയമാണ് കണ്ണൂര്‍ പുടവ.
ആറന്മുള കണ്ണാടി പോലെ നാടിന്റെ അടയാളമായി കണ്ണൂരിലെത്തുന്നവര്‍ക്ക് ഹൃദയത്തില്‍ സൂ ക്ഷിക്കാനാവുന്ന തരത്തില്‍ കണ്ണൂര്‍ പുടവ മാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും.
കൈത്തറി സംരംഭങ്ങളിലെ വിദഗ്ധരെ തെരഞ്ഞെടുത്ത് കല്യാണസാരി നെയ്യാന്‍ പ്രത്യേക പരിശീലനം ഉടന്‍ നല്‍കും. തറികളുടെ നിലവാരം ശ്രദ്ധിക്കും. പ്രശസ്തരായ ഡിസൈനര്‍മാരുടെ സഹായത്തോടെയാണ് നെയ്ത്തുകാര്‍ക്ക് പരിശീലനം നല്‍കുകയെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.വിവാഹവേളകളില്‍ പുടവയ്ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ചുരുങ്ങിയ വിലയില്‍ കണ്ണൂരിന്റെ സ്വന്തം പുടവ വിപണിയില്‍ ലഭ്യമാക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്.