എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ സൗജന്യ സേവനങ്ങള്‍ ഒരുക്കി വ്യവസായ വകുപ്പ്

google news
dfh

കൊല്ലം : സംരംഭകര്‍ക്ക് ഇനി ലൈസന്‍സിനും, ലോണിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഓഫീസുകള്‍ കേറി ഇറങ്ങേണ്ട. ആശ്രാമം മൈതാനിയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്ക് എത്തിയാല്‍ മതി. സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായി ഒരുക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സജീകരിച്ച വ്യവസായ വകുപ്പിന്റെ സ്റ്റാളില്‍.

കെ സ്വിഫ്റ്റിലൂടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഞൊടിയിടയില്‍ ഇവിടെ നിന്നും ലഭിക്കുന്നു.  ഉദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും സംരംഭകര്‍ക്ക് സാധിക്കും. സംരംഭങ്ങള്‍ ആരംഭിക്കാനും, വിപുലീകരിക്കാനും,  വൈവിധ്യവത്ക്കരിക്കുന്നതിനും ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തികച്ചും സൗജന്യമായാണ് സംരംഭകര്‍ക്ക് മേളയില്‍ നിന്നും ലഭിക്കുന്നത്. ഇതിനായി ഡി പി ആര്‍ ക്ലിനിക് (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) സജ്ജീകരിച്ചിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും സ്റ്റാളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

മാര്‍ജിന്‍ മണി വായ്പ കുടിശികയുള്ള സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ അപേക്ഷകളും പ്രദര്‍ശനമേളയില്‍ സ്വീകരിക്കാനാവും. വകുപ്പ് മുഖേന ലഭിക്കുന്ന എല്ലാ സേവനകളുടെയും വിശദാംശങ്ങളും മേളയില്‍ നിന്ന് ലഭിക്കും. സംശയനിവാരണത്തിന് ഉപജില്ല വ്യവസായ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനവുമുണ്ട്. സംരംഭകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു വിശദീകരണങ്ങളും അടങ്ങുന്ന കൈപ്പുസ്തകം സ്റ്റാളില്‍ നിന്ന് സൗജന്യമായി ലഭിക്കും. സേവനങ്ങള്‍ എല്ലാം നൊടിയിടയില്‍ ലഭിച്ച സന്തോഷത്തില്‍ സംരംഭകര്‍ക്ക് ഇവിടെനിന്ന് മടങ്ങാം.

Tags