തലശേരി നഗരസഭാ സ്റ്റേഡിയത്തിലെ ജലസംഭരണിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

google news
jalasambarani death

കണ്ണൂർ: തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഇലക്ട്രീഷ്യൻ ജീവനക്കാരനായ യുവാവ് ജലസംഭരണിയിൽ വീണു മരിച്ച  സംഭവത്തിൽ നഗരസഭാ അധികൃതരെ പഴിചാരി കോൺഗ്രസ്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. യുവാവിന്റെ ദാരുണമായ മരണത്തിന് പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയാണെന്ന്കോൺഗ്രസ് തലശേരി ബ്ളോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷൻ ആരോപിച്ചു.


 മൂടിയില്ലാത്ത ജലസംഭരണിയാണ് ദുരന്തത്തിന് കാരണമായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമന്നും അരവിന്ദാക്ഷൻ മുന്നറിയിപ്പു നൽകി.തലശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തിലെ ജലസംഭരണിയിലാണ് യുവാവ് അതിദാരുണമായി മരിച്ചത്.

പവലിയന്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയില്‍ വീണ് പാനൂര്‍ പാറാട്പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിന്‍ കുമാര്‍ (25) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.ഇലക്ട്രീഷ്യനായ സജിന്‍ കുമാര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌പോര്‍ട്ട്സ് കാര്‍ണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാന്‍ സജിന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

jalasambarani
ടെറസിനു മുകളില്‍ ദീപാലങ്കാരം നടത്തുന്നതിനിടയില്‍ ഫയര്‍ ആന്റ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളില്‍ സജീകരിച്ച ജല സംഭരിണിയില്‍ വീഴുകയായിരുന്നു.ഏറെ വൈകിയിയിട്ടും സജിന്‍ കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശേരിജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ജല സംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

സുനില്‍ കുമാര്‍-ചന്ദ്രി ദമ്പതികളുടെ മകനാണ് സജിന്‍ . സുജിന്‍ കുമാര്‍ ഏറസഹോദരനാണ്. കെ.പി.മോഹനന്‍ എം.എല്‍.എ, നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി തുടങ്ങിയവർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തലശേരി എ.സി.പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags