തദ്ദേശ സ്ഥാപനങ്ങൾ വികസനത്തിന്‍റെ സിരാകേന്ദ്രങ്ങള്‍ : സി.പി. വിനോദ്
cpvinod

ആലപ്പുഴ : ജനകീയാസൂത്രണത്തിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ വികസനത്തിന്‍റെ സിരാകേന്ദ്രങ്ങളായി മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സി.പി. വിനോദ് പറഞ്ഞു.ആലപ്പുഴ ബീച്ചില്‍ സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനകീയാസൂത്രണത്തിന്‍റെ കാൽ നൂറ്റാണ്ട്; അനുഭവങ്ങളും പാഠങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം അദ്ദേഹം.

പ്രാദേശിക സമ്പദ്ഘടനയുടെ വികാസത്തിലും സ്ത്രീ ശാക്തീകരണത്തിലും ജനകീയാസൂത്രണം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി ജനകീയാസൂത്രണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് സർക്കാർ കടക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഏകീകരണവും ഇ- ഗവേണൻസും സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വികസന പദ്ധതികൾ ഊർജിതമായി നടപ്പാക്കാനും സഹായകമാകും- അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്‌ഘാടനം ചെയ്തു. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ എസ്‌. ശ്രീകുമാർ മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, ഗ്രാമപഞ്ചായത് അസോസിയേഷൻ സെക്രട്ടറി എൻ. സജീവൻ, രജനി ജയദേവ്, ജില്ലാ ടൗൺ പ്ലാനർ കെ.എഫ്. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Share this story