കൊവിഡ് കാലത്ത് വിരിഞ്ഞു തെയ്യങ്ങളുടെ വർണ പ്രപഞ്ചം; ആസ്വാദകരെ വിസ്മയിപ്പിച്ച് 'ചായില്യം' ചിത്ര പ്രദർശനം

chayilyam

കണ്ണൂർ: കൊവിഡ് അടച്ചുപൂട്ടൽ കാലത്ത് വരച്ച 18 തെയ്യ ചിത്രങ്ങളുമായി മേലെ ചൊവ്വ സ്വദേശി പി.വി സതീശന്റെ ചായില്യംചിത്ര പ്രദർശനം ആസ്വാദകർക്ക് കൗതുകമായി. കാൻവാസിൽ അക്രലിക്ക് പെയിന്റുകൾ കൊണ്ടാണ് കാൻവാസിൽ ചിത്രങ്ങൾ വരച്ചത്. വയനാട്ടുകുലവൻ, ബാലി, വിഷ്ണുമൂർത്തി, മുച്ചിലോട്ടു ഭഗവതി, ബാലിതുടങ്ങി വടക്കൻ കേരളത്തിലെ തെയ്യക്കാവുകളിൽ സുപരിചിതമായ വിവിധ തെയ്യങ്ങളുടെ വിവിധ ഭാവങ്ങളാണ് ഓരോ ചിത്രങ്ങളിലും തെളിഞ്ഞു കാണുന്നത്

പൂർണത ബാക്കി നിർത്തികൊണ്ടുള്ള ക്ളോസപ്പ് ചിത്രങ്ങളാണ് ഇരുട്ടിന്റെ ബാക്ക്ഗ്രൗണ്ടിൽ ഓരോ ചിത്രത്തിനെയും പ്രത്യേകതയുള്ളതാക്കി മാറ്റുന്നത്. ഒരു ചിത്രകാരനെന്ന നിലയിൽ താൻ തെയ്യങ്ങളെ ഇഷ്ടപ്പെടുന്നതിനാലാണ് ആദ്യ ചിത്ര പ്രദർശനം തെയ്യങ്ങളുടെതാക്കിയെന്ന് സതീശൻ പറഞ്ഞു. വടക്കൻ കേരളത്തിൽ തെയ്യങ്ങളെന്നാൽ ഓരോരുത്തരുടയും ഉള്ളിലെ വികാരം കൂടിയാണ്. ആസ്വാദകമനസിലെ ആദിമചേതന തന്റെ തെയ്യ ചിത്രങ്ങളിലൂടെ ഉണർത്തി വിടുകയാണ് ഈ കലാകാരൻ.

മഹാത്മ മന്ദിരത്തിലെ കസ്തൂർബാ ഹാളിൽ ഒരുക്കിയ ചിത്ര പ്രദർശനം കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. നിരവധി ആസ്വാദകരാണ് ചായില്യം ചിത്ര പ്രദർശനം കാണാനെത്തുന്നത്. മേലെ ചൊവ്വയിൽ ദൃശ്യ ആർട്സെന്ന പേരിൽ പ്രൊഫഷനൽ പരസ്യകലാ സ്ഥാപനം നടത്തുന്ന പി.വി സതീശന്റെ ആദ്യ ചിത്ര പ്രദർശനമാണ് കണ്ണൂരിൽ നടന്നത്.

Tags