ടാലന്റ്‌സ്പ്രിന്റ് വുമണ്‍ എന്‍ജിനീയേഴ്‌സ് പ്രോഗ്രാം

google news
dh

തിരുവനന്തപുരം :എഡ്‌ടെക് കമ്പനിയായ ടാലന്റ്‌സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വുമണ്‍ എന്‍ജിനീയേഴ്‌സ് പ്രോഗ്രാമിന്റെ ആറാം പതിപ്പ് ആരംഭിച്ചു. സാങ്കേതികരംഗത്ത് വൈവിധ്യവും തുല്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലുടനീളമുള്ള ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികള്‍ക്കായാണ് വുമണ്‍ എന്‍ജിനീയേഴ്‌സ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 200 ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് പ്രോഗ്രാം ഫീസ് ഉള്‍പ്പെടെ നൂറുശതമാനം സ്‌കോളര്‍ഷിപ്പ് കമ്പനി നല്‍കും. കൂടാതെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസധനസഹായവും നല്‍കും.ജനുവരി 18 ആണ് ഇക്കൊല്ലത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി. കൂടുതല്‍ വിവരങ്ങള്‍ക്കായി ടാലന്റ്‌സ്പ്രിന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാങ്കേതികരംഗത്തെ തടസങ്ങള്‍ നീക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ടാലന്റ് സ്പ്രിന്റിന്റെ സിഇഒയും എംഡിയുമായ ഡോ. ശാന്തനു പോള്‍ പറഞ്ഞു. സാങ്കേതികരംഗത്ത് തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്‍പത്തേക്കാളേറെ ഇപ്പോള്‍ പ്രസക്തമാണെന്ന് ഗൂഗിളിന്റെ വിപി/ജിഎം ആയ ശിവ് വെങ്കട്ടരാമന്‍ പറഞ്ഞു. മുന്‍പ് നടത്തിയ അഞ്ച് ഘട്ടങ്ങളിലൂടെ 950 ലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായിരുന്നു.

Tags