കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു

sag

പാലക്കാട് :  മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 നാട്ടുകല്‍, വാര്‍ഡ് 18 കരുവപ്പാറ എന്നിവടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കാടുപിടിച്ച ഈ ഭാഗങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടവും വിശ്രമിക്കുന്നതിനായുള്ള ഇരിപ്പിടവും സജ്ജീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ രണ്ട് സ്ഥലങ്ങളും വൃത്തിയാക്കി. അടുത്ത ദിവസങ്ങളിലായി വിവിധ തരം പൂച്ചെടികളും തണല്‍ മരതൈകളും നട്ടുപിടിപ്പിച്ച് പൂന്തോട്ടവും ഇരിപ്പിടവും സജ്ജീകരിക്കും.


വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്‌നേഹാരാമങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളും പരിപാലനവും കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കും. ഡിസംബര്‍ 31 ന് സ്‌നേഹാരാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിന് കൈമാറും. പരിപാടിയില്‍ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ സുസൈ രാജ്, ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍ നിഷ, അമ്പതോളം എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags