അത്യുജ്ജ്വലവും വൈവിധ്യവുമാർന്ന പരിപാടികളുമായി ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന് കൊടിയേറി

google news
dh

കാസർകോട് :  പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളുടെ 10 ആഘോഷരാവുകൾക്ക് വെള്ളിയാഴ്ച തുടക്കമായി.കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിനു മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരം സൂര്യപുത്രന്‍ വേദിയില്‍ അരങ്ങേറി.. ഉദ്ഘാടന ചടങ്ങിന് ശേഷം തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ കാണികളിൽ ഉത്സവാന്തരീക്ഷം നിറച്ചു.

ശനിയാഴ്ച പ്രധാന വേദിയില്‍ ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ട്രിയോ അരങ്ങേറും, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവെന്റ്, 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ്, 27ന് പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് സോള്‍ ഓഫ് ഫോക്കുമായി അതുല്‍ നറുകര, 29ന് കണ്ണൂര്‍ ശരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്, 30ന് ഗൗരിലക്ഷ്മി മ്യൂസിക്കല്‍ ബാന്റ്, സമാപന ദിവസമായ 31ന് റാസാ ബീഗം ഗസല്‍ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാന്റും അവതരിപ്പിക്കുന്ന മെഗാ ന്യൂയര്‍ നൈറ്റ് എന്നിവയും അരങ്ങേറും. കൂടാതെ വിപണന മേളയും ഭക്ഷ്യ സ്റ്റുളുകളും അമ്യൂസ്‌മെന്റ് പാര്‍ക്കും കളിയിടങ്ങളും ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

രണ്ടാം വേദി റെഡ് മൂണ്‍ ബീച്ചില്‍ ആണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് വേദിയില്‍ അരങ്ങേറുക. ജില്ലയുടെ തനത് കലാരൂപങ്ങളും ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 30 കലാസമിതികളില്‍ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്.

ഡിസംബര്‍ 23 മുതല്‍ 31 വൈകീട്ട് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ അഞ്ചു മുതല്‍ ഏഴു വരെ സാംസ്‌കാരിക സദസ്സും ഒരുക്കും. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാംസ്‌കാരിക സദസിന്റെ ഭാഗമാകും.
 

Tags