വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തം: കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ

ugfc

കോട്ടയം: വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള കടമ വളർന്നുവരുന്ന തലമുറയ്ക്കാണെന്നും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ. പാമ്പാടി കെ.ജി കോളേജിൽ നടന്ന  സമ്മദിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടർ. ആധാറും ഇലക്ഷൻ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. നിലവിൽ ജില്ലയിൽ 68 ശതമാനമാണ് പൂർത്തിയായത്.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് ചടങ്ങിൽ അധ്യക്ഷനായിരിന്നു. ഇ.എൽ.സി സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ ആദിത്യ ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം തഹസിൽദാർ എസ്.എൻ അനിൽകുമാർ, കെ.ജി കോളജ് പ്രിൻസിപ്പൽ ഡോ. ഷൈല ഏബ്രഹാം, ഇ.എൽ. സി ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ്, അഭിജിത്ത് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും ചടങ്ങിൽ കളക്ടർ നിർവഹിച്ചു.

പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ എബിൻ മാത്യു ബൈജു(പുതുപ്പള്ളി ഡോൺ ബോസ്‌കോസ്‌കൂൾ) ഒന്നാം സ്ഥാനവും ശ്രാവൺ മൃദുഘോഷ്(വൈക്കം സർക്കാർ ബോയ്സ് എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും അലൻ ബാബു (വൈക്കം സർക്കാർ ബോയ്സ് എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും നേടി. ഷോർട്ട് ഫിലിം മത്സരത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ് കോളേജ് രണ്ടാം സ്ഥാനവും  നാട്ടകം ഗവൺമെന്റ് കോളേജ് മൂന്നാം സ്ഥാനവും നേടി.
 ക്വിസ് മത്സരത്തിൽ സി.കെ ശ്രീകേഷ് പോറ്റി ( കോട്ടയം സി.എം.എസ് കോളേജ്) ഒന്നാം സ്ഥാനവും എസ്. ഭാനുലാൽ (ചങ്ങനാശേരി എസ്.ബി കോളേജ്) രണ്ടാം സ്ഥാനവും അർജ്ജുൻ ഹരിദാസ് (വാഴൂർ എസ്.വി. ആർ.എൻ.എസ്.എസ് കോളേജ്) മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
 

Share this story