‘നെറ്റ് സീറോ കാര്‍ബണ്‍ കേരള ജനങ്ങളിലൂടെ’ ക്യാമ്പയിന് തുടക്കമായി

iuytrfty

കൊല്ലം : നവകേരളം കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരള ജനങ്ങളിലൂടെ’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ക്യാമ്പയിന്റെ മാര്‍ഗരേഖ പ്രകാശനം ചെയ്തു.

അന്തരീക്ഷത്തിലേക്ക് അമിതമായെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ ആഗോളതാപനത്തിനും ഇതിലൂടെ കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകും. ഹരിതഗൃഹ വാതകങ്ങളുടെ അളവും വിവിധ മാര്‍ഗങ്ങളിലൂടെ സംഭരിക്കപ്പെടുന്ന കാര്‍ബണിന്റെ അളവും സന്തുലിതമാക്കപ്പെടുന്ന അവസ്ഥയാണ് 'നെറ്റ് സീറോ എമിഷന്‍'. 2050 ഓടെ സംസ്ഥാനത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍ കേരള’യായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് ക്യാമ്പയിന്‍ ആദ്യമായി നടപ്പിലാക്കുന്നത്. അഞ്ച് വര്‍ഷം നീളുന്ന ക്യാമ്പയിന്‍ ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘകാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് പൂര്‍ത്തിയാക്കുക. ഹരിത പെരുമാറ്റച്ചട്ടങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കല്‍, ജൈവ- അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, കൃഷി, ജലസംരക്ഷണം,  ഊര്‍ജ സംരക്ഷണം, പൊതു-സ്വകാര്യ വാഹന ഗതാഗതങ്ങളുടെ നിയന്ത്രണം, പച്ചത്തുരുത്ത് തുടങ്ങിയവയാണ് നെറ്റ് സീറോ എമിഷന് വേണ്ടി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. പഞ്ചായത്തുകളെ യൂണിറ്റുകളായി തിരിച്ച് ക്യാമ്പയിന്‍ നടത്തുന്ന പഞ്ചായത്ത്തല സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിക്കും.

Share this story