ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

xcfgfg

കോട്ടയം: ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്നു. സിനിമാ ബാലതാരം മാസ്റ്റർ ആരിഷ് അനൂപിന് വിര ഗുളിക നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മൗണ്ട് കാർമൽ സ്‌കൂളിലെ ഏഴ്, എട്ട്, ഹയർ സെക്കൻഡറി ക്ലാസ് കുട്ടികൾക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിരമരുന്ന് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത് അധ്യക്ഷയായി.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി. ജെ. സിതാര, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇൻചാർജ് പി.ആർ.കവിത, മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ശിൽപ, മൗണ്ട് കാർമൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ. എസ്. ജെയിൻ, മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ കെ.എസ്. വിജയമ്മാൾ, കോട്ടയം ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിന്റോ ലാസർ,  ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, സിഡിപിഒ സി.എസ് സുമ , സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.

ഒന്ന് മുതൽ 19 വയസ്സ് വരെയുളള കുട്ടികൾക്ക് ദിനാചരണത്തിന്റെ ഭാഗമായി ആൽബൻഡസോൾ വിരമരുന്ന് അങ്കണവാടികളിലും സ്‌കൂളുകളിലും കോളജുകളിലും വിതരണം ചെയ്തു. 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിൽ വിളർച്ച കണ്ടെത്തി പരിഹരിക്കുവാനുള്ള വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് (വിവ) ക്യാമ്പയിനും ഇതോടൊപ്പം ആരംഭിക്കും.

ആറു മാസത്തിൽ ഒരിക്കൽ ആൽബൻഡസോൾ ഗുളിക കഴിക്കുന്നത് കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കാനും കുട്ടികളിൽ വിളർച്ച തടഞ്ഞ് ശാരീരിക വളർച്ച ഉറപ്പാക്കുകയും ചെയ്യും. ഒരു വയസ്സ് മുതൽ രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്ക് അര ഗുളികയും രണ്ട് മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ഗുളിക തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചും നൽകണം.

മൂന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഗുളിക ഒരു ഗ്ലാസ്സ് തിളപ്പിച്ച് ആറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനിതാ ശിശുവികസനം എന്നീ വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

Share this story