അത്യാധുനിക സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് മില്‍മയില്‍
തൃപ്പൂണിത്തുറ: ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിര്‍മ്മിച്ച മില്‍മ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി എന്‍ഡിഡിബി(നാഷണല്‍ ഡെയറി ഡെവലപ്മന്‍റ് ബോര്‍ഡ ചെയര്‍മാന്‍ ഡോ. മീനേഷ് ഷായ്ക്ക ്കൈമാറി. മില്‍മ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര ക്ഷീരവികസനമൃഗസംരക്ഷണവകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
എം ഡി ആസിഫ് കെ യൂസഫ്, മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മില്‍മയെന്ന ഒറ്റ ബ്രാന്‍ഡിന്‍റെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു. ക്ഷീരോത്പന്നങ്ങളുടെ ഗുണമേന്മാ പരിശോധനമാത്രമല്ല, ഭാവിയില്‍ സുഗന്ധവ്യജ്ഞനങ്ങളും, മറ്റ് ഭക്ഷ്യ വസ്തുക്കളും കാര്‍ഷിക വസ്തുക്കളും ഉള്‍പ്പെടുത്തി പരിശോധനാ ശേഷി വര്‍ധിപ്പിക്കാനും ഇടപ്പള്ളി ലബോറട്ടി ലക്ഷ്യമിടുന്നുണ്ട്.കേരളത്തെ പേവിഷ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ഡോ. ഷാ പറഞ്ഞു. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുന്നു. വരും ദിവസങ്ങളില്‍ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ വ്യാപകമായി മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ കെസിസിഎംഎംഎഫും, കാഫ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഏറെ നിര്‍ണായകമാണെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ ഏറെ പുരസ്ക്കാരങ്ങള്‍ കേരളം നേടിയിട്ടുണ്ട്. ഗുണമേന്മയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. പ്രതിദിനം നാല് ലിറ്റര്‍ പാല് കൂടി ഉത്പാദനത്തില്‍ കൂട്ടിച്ചേര്‍ക്കാനായാല്‍ രാജ്യത്ത് ഒന്നാമതെത്താനും ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ പുറത്ത് നിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കാനുമാകും.
കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്പ്മെന്‍റ് പദ്ധതി പ്രകാരം കേന്ദ്രവിഹിതമായി അനുവദിച്ച എട്ട് കോടി രൂപ വിനിയോഗിച്ചാണ് എറണാകുളം ഇടപ്പള്ളി മില്‍മയുടെ കീഴില്‍ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി സ്ഥാപിച്ചത്. മില്‍മ ഫെഡറേഷന്‍ എറണാകുളം ഇടപ്പള്ളിയിലെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ പ്രവര്‍ത്തനം ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എന്‍ഡിഡിബി കാഫ് ലിമിറ്റഡിന് കൈമാറി. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്കുതകുന്നതാണ് സെന്‍ട്രല്‍ ലാബ്.
എന്‍സിഎല്ലിന്‍റെ നവീകരിച്ച ഇടപ്പള്ളി ലബോറട്ടറി ആനന്ദില്‍ വികസിപ്പിച്ചെടുത്ത നൂതന പരിശോധനാ രീതികളാണ് നടപ്പാക്കുന്നത്. മികച്ച ഗുണനിലവാരവും കൃത്യമായ പരിശോധന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലാബിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
നാല് കോടി രൂപ മുതല്‍ മുടക്കിയാണ് മില്‍മ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയില്‍ വന്‍ നവീകരണം നടപ്പാക്കുന്നത്. പുതിയ എക്സ്ട്രൂഷന്‍ മെഷീനും കോള്‍ഡ് സ്റ്റോറേജ് സൗകര്യവും ഉള്‍പ്പെടെയാണിത്. പ്രൊഡക്ട്സ് ഡെയറി പ്ലാന്‍റ് നവീകരണത്തിനായി വേണ്ട 3.75 കോടി രൂപയില്‍ രണ്ട് കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, 1.75 കോടി രൂപ നൂനത ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും. ഉയര്‍ന്ന നിലവാരമുള്ള പാലുല്‍പ്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റാന്‍ മില്‍മ എറണാകുളം യൂണിയനെ പ്രാപ്തമാക്കുകയും പാലിന്‍റെ ആവശ്യകത വര്‍ദ്ധിപ്പിച്ച് പ്രാദേശികക്ഷീര കര്‍ഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു