3 ലക്ഷം പിഴ ഒഴിവാക്കാൻ 25000 കൈക്കൂലി : ഒടുവിൽ സപ്ലൈ ഓഫീസർ അഴിക്കുള്ളിൽ

bribe

കണ്ണൂർ : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ അനിൽ. പി കെ 5,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. ഇന്നലെ വൈകുന്നേരം ഒരു അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്  .രാത്രി തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി ടി.മധുസൂതനന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

കണ്ണൂർ ജില്ലയിലെ പെരുവളത്ത്പറമ്പ സ്വദേശിയായ പരാതിക്കാരന് വീട്ടിൽ സ്വന്തമായി കാറുള്ളതിന്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് ഫൈനായി 3 ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും, 25,000/- രൂപ കൈക്കൂലി തന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ കഴിഞ്ഞ മാസം 20–ാം തിയതി പരാതിക്കാരനെ അറിയിച്ചു. തുടർന്ന് കഴിഞ്ഞ മാസം 25-ാം തിയതി താലൂക്ക് സപ്ലൈ ഓഫീസർ 10,000/- രൂപ അദ്യ ഗഡുവായി കൈപ്പറ്റുകയും ചെയ്തു. അതിന്റെ  അടിസ്ഥാനത്തിൽ ഫൈൻ ഒഴിവാക്കി  എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു.

bribe

പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000/- രൂപ കൂടിയെങ്കിലും ചൊവ്വാഴ്ച  ഉച്ചക്ക് ശേഷം ഓഫീസിൽ കൊണ്ടുവന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം  കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ശ്രീ. ബാബു പെരിങ്ങോത്തിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ്  സംഘം കെണിയൊരുക്കി ചൊവ്വാഴ്ച വൈകുന്നേരം 4:45 ന് പരാതിക്കാരനിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് 5,000/- രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയാണുണ്ടായത്.

ഇയാളുടെ ഓഫീസ് മേശക്കകത്ത് ഉണ്ടായിരുന്ന 20,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. ഇയാളുടെയും ഭാര്യ, മകന്‍ എന്നിവരുടെയും പേരിലുള്ള ആറ് ക്രെഡിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. 2024 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് പി.കെ.അനില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായത്.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ കൂടാതെ ഇൻസ്പെക്ടറായ സുനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നിജേഷ്, ഗിരീഷ്, ശ്രീജിത്ത് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, ബാബു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിജിൻ, ഹൈറേഷ് എന്നിവരും ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ.വിനോദ് കുമാർ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു

Tags