തൊഴിലന്വേഷകരെത്തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുന്നത് ഇതാദ്യം : മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍
alappuzhajob

ആലപ്പുഴ : തൊഴില്‍ അന്വേഷകരെത്തേടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീടുകളിലേക്ക് എത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കേരള നോളജ് എക്കണോമി മിഷന്‍ നടത്തുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേയും മന്ത്രി ഉദ്ഘാടനം ചെയ്തു.

കെ-ഡിസ്‌ക് മുഖേന അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ വിപുലമായ ആലോചനകള്‍ക്കൊടുവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കുടുംബശ്രീ നടത്തുന്ന ഗുണഭോക്തൃ സര്‍വേയിലൂടെ കണ്ടെത്തുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരില്‍ ഒരു ലക്ഷം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ തൊഴില്‍ നല്‍കും. 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. ഇവരുടെ  വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ വൈദഗ്ധ്യവും അഭിരുചിയും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ മനസിലാക്കുന്നതിനും താത്പ്പര്യമുള്ള തൊഴില്‍ മേഖലകളിലേക്ക്  നയിക്കുന്നതിനുമായി കൗണ്‍സലിംഗ് നല്‍കുന്നതും പരിഗണനയിലുണ്ട്. തൊഴിലില്ലായ്മ  പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

കൗണ്‍സലിംഗ് നല്‍കുന്നതിന് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവില്‍ മൂവായിരത്തിലേറെ തൊഴില്‍ദാതാക്കള്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍വേ വഴി കണ്ടെത്തുന്ന ഗുണഭോക്തൃ പട്ടികയില്‍ ഏറ്റവും മികച്ച അക്കാദമിക് നിലവാരവും തൊഴില്‍ വൈദഗ്ധ്യവുമുളളവരെയാണ് ആദ്യം പരിഗണിക്കുക. ശേഷിക്കുന്ന ഗുണഭോക്താക്കളില്‍ കൂടുതല്‍ നൈപുണ്യ പരിശീലനം ആവശ്യമായവര്‍ക്ക് അതു നല്‍കിയ ശേഷമായിരിക്കും തൊഴില്‍ ലഭ്യമാക്കുക.

ഇങ്ങനെ ഘട്ടംഘട്ടമായി 20 ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇതിലേറെയും വനിതകളായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്- മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ചെങ്ങന്നൂര്‍ ബ്രീന്‍ലാന്‍ഡില്‍ അജീഷ് കുമാറിന്റെ വീട്ടില്‍ സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു.

കെ-ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ക്യാമ്പയിന്‍ വിശദീകരിച്ചു.അഭിരുചിക്കും നൈപുണ്യത്തിനും സര്‍ഗാത്മക ശേഷികള്‍ക്കും യോജിച്ച തൊഴിലുകള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് എല്ലാ തൊഴിലന്വേഷകരെയും എത്തിക്കുന്നതിന് ലക്ഷ്യമിടുന്ന വിപുലമായ കാമ്പയിനാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷനാണ് സര്‍വേ നടത്തുന്നത്.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കേരള മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെബിന്‍ പി. വര്‍ഗീസ്, ഇന്ദിരാ ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചര്‍, മഞ്ജുള ദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. പുഷ്പലത മധു, പ്രസന്ന രമേശ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ വി. വിജി എന്നിവര്‍ പങ്കെടുത്തു.

Share this story