ശുചീകരണം : കളക്ടറേറ്റില്‍ ബിന്നുകള്‍ വിതരണം ചെയ്തു

sss

ആലപ്പുഴ: സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ ശേഖരണത്തിനായുള്ള ബിന്നുകളുടെ വിതരണം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു. ഓഫീസുകളിലെ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറുന്നതിന് രണ്ടുതരം ബിന്നുകളാണ് വിതരണം ചെയ്തത്. ഓഫീസുകള്‍ ഹരിത കര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്താണ് അജൈവമാലിന്യം കൈമാറുക. ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍, എച്ച്. എസ്. പ്രീത പ്രതാപന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 

ജൂലായ് ഒന്നോടെ സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫീസുകളും പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഓഫീസുകളില്‍ പഴയ ഫയലുകളും റെക്കോര്‍ഡുകളും വൃത്തിയായി പൊതിഞ്ഞ് ലേബല്‍ ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് എല്ലാ ദിവസവും എയറോബിക് ബിന്നില്‍ എത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണ വിതരണം കളക്ടറേറ്റില്‍ നിരോധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ഹരിതപെരുമാറ്റച്ചട്ടം എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രത്യേക സംഘം പരിശോധന നടത്തുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. 

Tags