കടല്‍ക്ഷോഭം: സര്‍ക്കാർ മത്സ്യത്തൊഴിലാളികളുടെ ജീവന്‍വെച്ച് പന്താടുന്നുവെന്ന് കെ.സി.വേണുഗോപൽ

KC Venugopal

ആലപ്പുഴ: കടല്‍ഭിത്തി നിര്‍മ്മിക്കുന്നതില്‍ ഗുരുതര അലംഭാവം കാട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍വെച്ച് പന്താടുകയാണെന്ന് കെ.സി.വേണുഗോപാല്‍. വേലിയേറ്റത്തെ തുടര്‍ന്ന് ആലപ്പുഴയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ ആറാട്ടുപുഴയിലടക്കം നിരവധി വീടുകളും സ്ഥാപനങ്ങളും റോഡുകളും തകര്‍ന്നു.കടല്‍ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഭീതിയും അകറ്റി അവര്‍ക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. പതിമൂന്ന് വീടുകൾ കടലാക്രമണത്തിൽ നഷ്ടപ്പെട്ട ഒറ്റമശ്ശേരിയിൽ പുലിമുട്ട് നിർമ്മാണം നിലച്ചിട്ട് മാസങ്ങളായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മത്സ്യത്തൊഴിലാളികളെ ബലികൊടുക്കുന്ന ഇടതുസര്‍ക്കാരിന്റെ നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

എല്ലാവര്‍ഷവും  കാലവര്‍ഷത്തിന് മുന്നെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് തീരദേശവാസികളെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി പറ്റിക്കുകയാണ്.കടലാക്രമണത്തില്‍ നിന്നും തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഓരോ പ്രാവശ്യവും കടലാക്രമണം ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് അപ്പുറം ഒരു നടപടിയും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന്് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. കടല്‍ ഭിത്തിയില്ലാത്തത് കാരണം വേലിയേറ്റ സമയത്തും മഴക്കാലത്തും കടലാക്രമണത്തിൽ വീടുകളും റോഡുകളും തകരുന്നത് നിത്യസംഭവമായി മാറി. 

കടലാക്രമണത്തില്‍ വീടുകള്‍ ഏതു നിമിഷവും കടലെടുക്കുമെന്ന് സ്ഥിതിയിലാണ്. കടല്‍ഭിത്തിവേണമെന്ന് തീരദേശിവാസികളുടെ ദീര്‍ഘകാല ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി മുഖം തിരിക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
 

Tags