ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രസിഡന്റ് ഭരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനുള്ള നിയമം: എ.വിജയരാഘവന്‍

a vijayaragavan
a vijayaragavan

തൃശൂര്‍: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം പ്രസിഡന്റ് ഭരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനുള്ള സംഘപരിവാറിന്റെ കുല്‍സിത അജന്‍ഡയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. തൃശൂരില്‍ നടക്കുന്ന ഇ.എം.എസ്. സ്മൃതി ദേശീയ സെമിനാര്‍ രണ്ടാംദിനത്തില്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തില്‍ വിയോജിക്കാനുള്ള അവകാശം പരമ പ്രധാനമാണ്. അഭിപ്രായ ഭിന്നത ഉണ്ടാകുമ്പോള്‍ ഭരണ സംവിധാനങ്ങള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടാമെന്നും അത്തരം അവസ്ഥയില്‍ അടുത്ത അഞ്ചു വര്‍ഷക്കാലം പ്രസിഡന്റ് ഭരണം അല്ലെങ്കില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി ജനാധിപത്യത്തെ നോക്കുകുത്തിയാക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം പണാധിപത്യത്തിന് കീഴ്‌പ്പെടുന്ന ഇന്നത്തെ അവസ്ഥ നിയന്ത്രിക്കേണ്ടതിനുപകരം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പോലെയുള്ള തെറ്റായ നീക്കം നടത്തുന്നത് ചെറുക്കപ്പെടേണ്ടതാണ്. 

എല്ലാ വിഭാഗം ആളുകളുടെയും പ്രാതിനിധ്യമുള്ള നിയമനിര്‍മാണ സഭകള്‍ ഉണ്ടാകണമെങ്കില്‍ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം നിലവില്‍ വരണം. പക്ഷേ അത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ക്കൊന്നും ആര്‍.എസ്.എസ്. നേതൃത്വം നല്‍കുന്ന മോദി ഭരണം തയാറല്ല. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യ സമ്പ്രദായം തന്നെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.