കെട്ടിടങ്ങൾക്ക് നിക്ഷേപ സാക്ഷ്യപത്രം അനുവദിച്ചതിൽ വീഴ്ച : കണ്ണൂർ ജില്ലാ ഫയർ ഓഫീസർക്ക് സസ്പെൻഷൻ
Suspension

കണ്ണൂർ:  കെട്ടിടങ്ങൾക്ക് നിക്ഷേപ സാക്ഷ്യപത്രം അനുവദിച്ചതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ  കണ്ണൂർ ജില്ലാ ഫയർ ഓഫീസർ ബി.രാജിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.  ഫയർ ആന്റ്  റെസ്ക്യു സർവ്വീസസ്   ഡയരക്ടർ ജനറൽ ബി. സന്ധ്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.റീജിയണൽ ഫയർ ഓഫീസർ, കണ്ണൂരിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെട്ടിടനിർമ്മാണ ചട്ടപ്രകാരം നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കേണ്ട  വിവിധ കെട്ടിടങ്ങൾക്ക്  അനധികൃതമായി ഫയർ സെഫ്റ്റി സർട്ടിഫിക്കറ്റ് അനുവദിച്ചതായും പയ്യന്നൂരിലെ  നിയമാനുസൃത പ്രവേശനമാർഗ്ഗം ഇല്ലാത്ത  ഹോട്ടൽ  കെട്ടിടത്തിന് പ്രവേശന മാർഗ്ഗം ഉളളതായി കാണിച്ച് എൻ ഒസി  അനുവദിക്കുന്നതിന് ശുപാർശ ചെയ്തതായും  റീജിയണൽ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.. പല ഫയലുകളും ഓഫീസ് നടപടി ക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായും പ്ലാനുകൾ അംഗീകരിക്കാതെ ഓഫീസിൽ സൂക്ഷിച്ചു വന്നിരുന്നതായും റിപ്പോർട്ടിലുണ്ട്. ഓൺലൈനിൽ കണ്ണൂർ സ്റ്റേഷൻ ഓഫീസർ നൽകേണ്ട  സ്റ്റേഷൻ ഓഫീസറുടെ എഗ്രി പാസ് വേർഡ്  ഉപയോഗിച്ച് ജില്ലാ ഫയർ ഓഫീസർ അനുമതി നൽകിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ബി.രാജ് നടപടിക്രമങ്ങൾ പാലിക്കാതെയും ആവശ്യമായ ഫീസ് ഈടാക്കാതെയും റീജിയണൽ ഫയർ ഓഫീസറടക്കമുള്ള മറ്റ് കമ്മിറ്റി അംഗങ്ങളുടെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ അനുവാദമില്ലാതെ വ്യാജമായി നിർവ്വഹിക്കുകയും ചെയ്യുക വഴി ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്  അച്ചടക്ക നടപടി.
സസ്പെൻഷൻ കാലയളവിൽ  ചട്ട പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുഠ. കണ്ണൂർ ജില്ലയുടെ പൂർണ്ണ അധിക ചുമതല വയനാട് വടക്കേതിലിന് നൽകികൊണ്ടും ഉത്തരവായി.

Share this story