13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ വില്‍ക്കുന്നത് 2016 ലെ വിലയില്‍: മന്ത്രി ജി. ആര്‍. അനില്‍

Minister G. R. Anil

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ കേരളത്തില്‍ ഇപ്പോഴും സപ്ലൈകോ വില്‍ക്കുന്നത് 2016 ലെ വിലയിലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍. ബൈസണ്‍വാലിയിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ് അന്നത്തെ വിലയില്‍ തന്നെ ഇന്നും വില്‍ക്കാനാവുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ല. ആന്ധ്രയില്‍ പോലും അരി കഴിഞ്ഞാല്‍ തുവരപ്പരിപ്പ് മാത്രമാണ് സബ്സിഡി നിരക്കില്‍ വില്‍ക്കുന്നത്- മന്ത്രി പറഞ്ഞു.

സപ്ലൈകോ പോലുള്ള പൊതുസംരഭങ്ങള്‍ക്ക് നിലനില്‍ക്കാനാവാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. എന്നിട്ടും കേരളത്തിലെ ജനങ്ങളെ വിലക്കയറ്റത്തിന്റെ ദുരിതത്തില്‍ നിന്ന് കഴിയുന്നത്ര സഹായിക്കാനാണ് സര്‍ക്കാരിന്റെ പൊതു നയമനുസരിച്ച് സപ്ലൈകോയും മാര്‍ക്കറ്റ്ഫെഡും സഹകരണ പ്രസ്ഥാനങ്ങളുമൊക്കെ വലിയ സാമ്പത്തിക ബാധ്യത വഹിച്ചുകൊണ്ട് സബ്സിഡിനിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. മാര്‍ക്കറ്റിലെ വില വര്‍ധന ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 2000 കോടി രൂപയാണ് വകയിരുത്തിയത്.   
മാര്‍ക്കറ്റില്‍ 39 രൂപയുള്ള മട്ടയരി 24 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്രയും വിലക്കുറവില്‍ സര്‍ക്കാര്‍ വില്‍ക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങുകയും ഉടനെ സ്റ്റോക്ക് തീരുകയും ചെയ്യും. എന്നാല്‍ സ്റ്റോക്കില്‍ കുറവുണ്ടാകുന്നത് മാത്രമാണ് വാര്‍ത്തയാകുന്നത്. സത്യാവസ്ഥ ഇങ്ങിനെയാണെന്ന് ഒരു മാധ്യമവും പറയുന്നില്ല. 35 ലക്ഷം ഉപഭോക്താക്കള്‍ സംസ്ഥാനത്ത് ഒരു മാസം സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. സബ്സിഡിയില്ലാത്ത മറ്റുല്‍പ്പന്നങ്ങള്‍ വാങ്ങിയതിന്റെ കണക്കും പരിശോധിച്ചാല്‍ 50 ലക്ഷത്തിലധികം ആളുകളാണ് സപ്ലൈകോയില്‍ നിന്നും മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ഇത്തരത്തില്‍ വളരെ ഫപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവില്‍ ഇവിടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ആ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കൊണ്ടാണ്- മന്ത്രി പറഞ്ഞു. ബൈസണ്‍വാലി 

അഡ്വ. എ. രാജ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണന്‍കുട്ടി സൂപ്പര്‍ മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, സപ്ലൈകോ കോട്ടയം റീജ്യണല്‍ മാനേജര്‍ എം. സുല്‍ഫിക്കര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story