സഭാനാഥന് പൈതൃക നഗരിയുടെ ആദരം:പദവി തലശ്ശേരിക്ക് ലഭിച്ച അംഗീകാരമെന്ന്‌ സ്പീക്കര്‍ എ എന്‍ ഷംസീര്‍
slkl

തലശേരി:പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കര്‍ പദവിയെന്ന്  സ്പീക്കര്‍  അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി  നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  നല്‍കിയ പൗരസ്വീകരണത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം സ്വന്തം നാട്ടില്‍ ലഭിക്കുന്ന അംഗീകാരമാണ്. തലശ്ശേരിയെന്ന നാടും നാട്ടുകാരും കാണിച്ച സ്‌നേഹത്തിനും മമതക്കും പകരം തന്റെ ശിഷ്ടജീവിതം തലശ്ശേരിയുടെ കാല്‍ക്കല്‍ കാഴ്ചവെക്കുന്നു. പൂര്‍വികര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായതെല്ലാം ചെയ്യും.  പൈതൃക നഗരത്തിന് പാരമ്പര്യവും പ്രശസ്തിയും ഉള്ളതു പോലെ അതിന്റേതായ പരിമിതികളും ഉണ്ട്. ഇവ മറികടക്കാന്‍ ശ്രമിക്കും.  

താന്‍ ജനിക്കുന്നതിനു മുന്‍പ് കേരള നിയമസഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍  വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് എന്നിവര്‍ ഇരിക്കുന്ന സഭയുടെ നാഥനായത് ഒരു അപൂര്‍വ്വ ഭാഗ്യമായാണ് കാണുന്നത്. ഭരണകക്ഷിയുടെ ബിസിനസ് നടത്താന്‍ സഹായം നല്‍കുന്നതിനോടൊപ്പം  പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും പ്രവര്‍ത്തിക്കും. ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും ഉയര്‍ത്തിക്കാട്ടുന്ന കേരള മോഡല്‍ പോലെ കേരള നിയമസഭയുടെ നടപടിക്രമവും ഒരു കേരള മോഡലാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സമ്മേളനങ്ങള്‍ ചേരുന്നത് കേരള നിയമസഭയില്‍ ആണ് . 

ശരാശരി 50 മുതല്‍ 60 വരെ സമ്മേളനങ്ങള്‍ ചേരുന്നുണ്ട്. ലോകത്ത് ഏതെങ്കിലും ഒരു സഭ കൊറോണ കാലത്ത് ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കേരള നിയമസഭയാണ്. അന്നും 60 ദിവസം സഭ ചേര്‍ന്നു. പതിനഞ്ചാം നിയമസഭ 16 മാസങ്ങള്‍ കൊണ്ട് 65 നിയമങ്ങള്‍ നിര്‍മ്മിച്ചു. കാലഹരണപ്പെട്ട 108 നിയമങ്ങള്‍ റദ്ദാക്കി. കാലഹരണപ്പെട്ട 600 ഓളം നിയമങ്ങള്‍ ഇനിയുമുണ്ടെന്ന്  മനസ്സിലാക്കുന്നു. അതോടൊപ്പം പുതുതായി നിര്‍മ്മിക്കേണ്ടവയുമുണ്ട്.

 നിയമനിര്‍മ്മാണത്തിന് മാത്രമായി ഇന്ത്യയില്‍ ഏതെങ്കിലും ഒരു സഭ ചേരുന്നുണ്ടെങ്കില്‍ അത് കേരള നിയമസഭയാണ്. വാശിയേറിയ ചര്‍ച്ചകളും വാക്ക് പോരുകളും  ഉണ്ടാകുന്ന സഭയില്‍ ആരും പരസ്പരം വിദ്വേഷം വച്ചുപുലര്‍ത്താറില്ല. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, അടിയന്തര പ്രമേയത്തില്‍ പരസ്പരം ഏറ്റുമുട്ടിയവര്‍ പോലും അത് കഴിഞ്ഞ് കാന്റീനില്‍ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ഒരു സഭയാണ് കേരള നിയമസഭ.

 അതാണ് കേരള നിയമസഭയുടെ പ്രത്യേകത. ആ സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. തലശ്ശേരിയുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ സഭയെ അറിയിക്കാന്‍ തനിക്ക് ഇപ്പോഴും ഒരു തടസ്സവുമില്ല. സഭയ്ക്കകത്ത് ഉന്നയിക്കേണ്ട സബ്മിഷനുകള്‍  സ്പീക്കര്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നേരിട്ട് എഴുതി നല്‍കാം. സ്പീക്കര്‍ക്കുള്ള പ്രിവിലേജ് ആണത് . രാഷ്ട്രീയത്തിനതീതമായി വികസന കാര്യങ്ങളില്‍ ഒന്നായി നിന്ന തലശ്ശേരിയുടെ വരുംകാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും സ്പീക്കര്‍ കൂട്ടി ചേര്‍ത്തു.

Share this story